ബീജിംങ്:ഭാര്യയുടെ സ്നേഹം അളക്കാന്‍ മദ്യപാനിയായ ഭര്‍ത്താവിന്റെ ശ്രമം ചെന്നെത്തിച്ചത് വന്‍ ദുരന്തത്തില്‍. ചൈനയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ഭാര്യയുടെ സ്നേഹത്തിന്റെ ആഴം അളക്കാന്‍ രാത്രിയില്‍ തിരക്കുള്ള റോഡിന്റെ മധ്യത്തില്‍ നിലയുറപ്പിച്ച് നിന്ന ഭര്‍ത്താവിനെ അമിതവേഗത്തില്‍ വന്ന വാന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായ പരുക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ലിഷ്യയിയിലാണ് അപകടം നടന്നത്. തെരുവിലെ ട്രാഫിക്ക് ക്യാമറയില്‍ നിന്ന് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. പാന്‍ എന്ന യുവാവും, ഷൗവെന്ന യുവതിയും തമ്മിലാണ് വഴക്കിട്ടത്. പാന്‍ അമിതമായി മദ്യം കഴിച്ചിരുന്നു. ഇതോടെ ഇയാള്‍ തിരക്കുള്ള റോഡിന്റെ മധ്യത്തില്‍ നിലയുറപ്പിച്ചു. ഇതു കണ്ട ഭാര്യ ഇയാളെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.
അതേസമയം, ഭാര്യയുടെ സ്നേഹത്തിന്റെ ആഴം അളക്കാനാണ് താന്‍ ഇത് ചെയ്തതെന്നാണ് പരുക്കേറ്റ യുവാവ് മൊഴി നല്‍കിയത്. ഭാര്യ തന്നെ പിടിച്ച് മാറ്റുമോ എന്നായിരുന്നു യുവാവിന് അറിയേണ്ടിരുന്നത്. പക്ഷേ പിടിച്ചു മാറ്റിയ ഭാര്യയെ തള്ളി നീക്കി വീണ്ടും റോഡിലേക്ക് ഇറങ്ങിയ പാനിനെ വണ്ടി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പാനിന് നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്.