ജോര്‍ജിയ: അമിതവേഗത്തില്‍ വാഹനം ഓടിച്ച സാറ വെബിനെ അറസ്റ്റു ചെയ്യണമോ അതോ ഫൈന്‍ നല്കി
വിട്ടയയ്ക്കണമോ എന്ന് തീരുമാനിക്കാന്‍ രണ്ടു വനിത ഓഫീസര്‍മാര്‍ മൊബൈല്‍ ഫോണിലെ കോയിന് ടോസ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചതിന് ജോലിയില്‍നിന്നു പിരിച്ചുവിട്ടു. പോലീസ് ഓഫീസര്‍മാരില്‍ പൊതുജനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയെന്നു ആരോപിച്ചാണ് ഇരുവരേയും ജോലിയില്‍നിന്നു പിരിച്ചുവിട്ടത്.
ജൂലായ് 26നാണ് റോസ്വെല് സിറ്റി കമ്മ്യൂണിറ്റി റിലേഷന്‍ ഓഫീസര്‍ ജൂലി ബ്രിച്ച്ബില്‍ ഓഫീസര്‍മാരായ കോര്‍ട്ട്നി ബ്രൗണ്‍, ക്രിസ്റ്റി വില്സന് എന്നിവരെ പിരിച്ചുവിട്ടതായി അറിയിച്ചത്.
ഹെയര്‍ സലൂണ്‍ ജീവനക്കാരിയായിരുന്ന സാറ അല്പം വൈകിയതുമൂലം അമിതവേഗത്തിലാണ് വാഹനം ഓടിച്ചത്. വനിത ഓഫീസര്‍മാര്‍ വാഹനം തടഞ്ഞു നിര്‍ത്തി ഡ്രൈവറുടെ പേരില്‍ നടപടി എടുക്കുന്നതിന് തീരുമാനിച്ചു. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് അറസ്റ്റു ചെയ്യണമെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍, മറ്റൊരാള്‍ ടിക്കറ്റ് നല്കി വിട്ടയയ്ക്കണമെന്നും അഭിപ്രായപ്പെട്ടു.
ഇരുവരും കാറിലിരുന്ന് എന്ത് ചെയ്യണമെന്ന് ചര്‍ച്ച ചെയ്തതിനു ശേഷമാണ് കോയിന് ടോസ് ചെയ്ത് തീരുമാനിക്കാം എന്ന് നിശ്ചയിച്ചത്. അതിനുള്ള കോയിന് ടോസ് ആപ്പ് സെല്‍ഫോണിലുണ്ടായിരുന്നു. എ വന്നാല്‍ അറസ്റ്റ് ചെയ്യാമെന്നും ആര് വന്നാല്‍ റിലീസ് ചെയ്യാമെന്നും തീരുമാനിച്ചു. നാണയ തല എ യും ടെയ്ല് ആര് എന്നും നിശ്ചയിച്ചു. ടോസ് ചെയ്തപ്പോള്‍ എയാണ് വന്നത്. ഉടനെ ഇവരെ അറസ്റ്റുചെയ്യുകയും ചെയ്തു.
ഇവരുടെ ചര്‍ച്ച ക്യാമറയില്‍ പതിഞ്ഞതാണ് ഇരുവര്‍ക്കും വിനയായത്. പ്രത്യേക സാഹചര്യത്തില്‍ സാറയുടെ പേരിലുള്ള ചാര്‍ജ് ഒഴിവാക്കാന്‍ പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു.