പാരിസ്: ഗോള്‍ഡന്‍ ഗ്ലോബ് മല്‍സരത്തില്‍ ഒന്നാമതെത്തിയത് 73 വയസ്സുകാരന് ജോന് ലൂക് വാന്‍ ദെന്‍ ഹീദ്. 212 ദിവസത്തിനൊടുവില്‍ ആ യാത്ര അവസാനിച്ചത് പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ലെ സാബ്ലെ ദെലോണില്‍ കടല്‍ കരയിലാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മലയാളിയായ അഭിലാഷ് ടോമി ഉള്‍പ്പെടെ 19 നാവികര്‍ പങ്കെടുത്തു തുടങ്ങിയ സാഹസിക മല്‍സരം അവസാനഘട്ടമായപ്പോള്‍ അവശേഷിച്ചത് ഫ്രഞ്ചുകാരന് ജോന് ലൂക് ഉള്‍പ്പെടെ 5 പേര് മാത്രമായിരുന്നു.
കഴിഞ്ഞ സെപ്തംബറിലാണ് കടല്‍ക്ഷോഭത്തില്‍ വഞ്ചി തകര്‍ന്നു പരുക്കേറ്റ അഭിലാഷ് മല്‍സരത്തില്‍ നിന്നു പിന്മാറിയത്. 35 അടി നീളമുള്ള പായ്വഞ്ചിയില് 212 ദിവസം കടലില്‍ ഒറ്റയ്ക്കു സഞ്ചരിച്ചാണ് ജോന് ലൂക് ലക്ഷ്യസ്ഥാനത്തെത്തിയത്. വിജയിയെ കാത്ത് 50 വര്‍ഷം മുന്‍പു നടന്ന ഗോള്‍ഡന്‍ ഗ്ലോബ് മല്‍സരത്തില്‍ വിജയിയായ ബ്രിട്ടിഷ് നാവികന് റോബിന് നോക്സ് ജോണ്‍സനും തീരത്തുണ്ടായിരുന്നു.
ജോന് ലൂകിന്റെ പായ്മരത്തിനും കൊടുങ്കാറ്റില്‍ കേടുപറ്റി. എന്നാല്‍ അതു നന്നാക്കാന്‍ കരയണഞ്ഞാല്‍ അയോഗ്യനാകുമെന്നതിനാല്‍, സ്വയം നന്നാക്കി മുന്നോട്ടു പോകാനായിരുന്നു ജോന് ലൂകിന്റെ തീരുമാനം. പക്ഷേ, 6 മീറ്റര്‍ ഉയരത്തിലുള്ള പായ്മരത്തില്‍ അള്ളിപ്പിടിച്ചു കയറാന്‍ നടത്തിയ ശ്രമം സാഹസികതയായിരുന്നെന്നു ലൂക് പറഞ്ഞു.