ടോകിയോ: പ്രതിദിനം 72 ലക്ഷം ആളുകള്‍ ഉപയോഗിക്കുന്ന ടോക്കിയോ മെട്രോ സ്റ്റേഷനിലെ ഉന്തും തള്ളും തിരക്കും അവസാനിപ്പിക്കാന്‍ പുതിയ മാര്‍ഗ്ഗവുമായി അധികൃതര്‍. സ്റ്റേഷനിലേക്ക് നേരത്തെ എത്തുന്നവര്‍ക്ക് പ്രഭാത ഭക്ഷണം ഓഫര്‍ ചെയ്തിരിക്കുകയാണ് മെട്രോ സ്റ്റേഷന് അധികൃതര്‍. നഗരത്തിലെ ഏറ്റവും തിരക്കേറിയ മെട്രോ സ്റ്റേഷനായ ഒസായ് ലൈനിലാണ് നേരത്തെ എത്തുന്നവര്‍ക്ക് പ്രഭാത ഭക്ഷണം വിതരണം ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചത്.
പുതിയ ഓഫര്‍ നല്‍കുന്നത് വഴി 2000 യാത്രക്കാരെയെങ്കിലും പതിവ് സമയത്തില്‍ നിന്നും നേരത്തേ വീട്ടില്‍ നിന്ന് ഇറക്കാന്‍ സാധിച്ചാല്‍ വരുന്ന രണ്ടാഴ്ച ടെംപ്യുറ( മാവില്‍ മുക്കി പൊരിച്ചെടുത്ത മീനോ, പച്ചക്കറിയോ) സൗജന്യമായി നല്‍കാനാണ് മെട്രോ അധികൃതരുടെ തീരുമാനം. ഈ ചലഞ്ച് 2,500 ആളുകള്‍ ഏറ്റെടുത്താല്‍ ഇവര്‍ക്ക് ഒരു പാത്രം സോബ (ന്യൂഡില്‍സ്) നല്‍കും.
ഇത് 3000 ആളുകളിലേക്ക് എത്തിയാല്‍ പ്രോത്സാഹനമായി ഓഫീസില്‍ എത്തുന്നത് വരെ വിശപ്പ് മാറ്റുന്നതിനുള്ള ന്യൂഡില്‍സും ടെംപ്യുറയും നല്‍കുമെന്നാണ് വാഗ്ദാനം. ‘ജിസ ബിസ്’ എന്ന സ്വന്തം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ടോക്കിയോ മെട്രോപൊളീറ്റന്‍ സര്‍ക്കാര്‍ ഇതിനുള്ള പണം കണ്ടെത്തുന്നത്.