വാഷിംഗ്ടണ്‍: അടിയന്തരാവസ്ഥ ഉടന്‍ പ്രഖ്യാപിക്കുമെന്ന ഭീഷണി പിന്‍വലിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് പണിയുന്നതിന് പണം അനുവദിച്ചില്ലെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ട്രംപ് നിരന്തരമായി ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ആ നിലപാട് മാറ്റി ഉടന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കില്ലെന്ന് ട്രംപ് പറഞ്ഞു.
അമേരിക്കന്‍ കോണ്‍ഗ്രസ് മെക്സിക്കന്‍ മതിലിന് പണം അനുവദിക്കാത്തതിനെ തുടര്‍ന്ന് ഡിസംബര്‍ 22-നാണ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രാജ്യത്തെ ട്രഷറികള്‍ ഭാഗികമായി അടച്ചത്. എട്ട് ലക്ഷത്തോളം ഉദ്യോഗസ്ഥരെയാണ് ഈ ട്രഷറി സ്തംഭനം ബാധിച്ചത്. 5.7 ബില്യണ്‍ ഡോളര്‍ മതിലിനായി വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ട്രംപ്. ഇല്ലെങ്കില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ ട്രംപ് പറഞ്ഞിരുന്നത്. എന്നാല്‍ ഈ നിലപാട് ആണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.