കെയ്റോ: സന്ദര്‍ശകരെ പറ്റിക്കാന്‍ കഴുതയ്ക്ക് പെയിന്റടിച്ച് സീബ്രയാക്കിയ ഈജിപ്ത് മൃഗശാല വിവാദത്തില്‍. സന്ദര്‍ശകരുടെ കണ്ണില്‍ പൊടിയിട്ട് ആളുകളെ പറ്റിച്ച മൃഗശാലയുടെ കള്ളക്കളിയാണ് പൊളിഞ്ഞത്.
കെയറോയിലെ ഇന്റര്‍നാഷണല്‍ ഗാര്ഡന് മുനിസിപ്പല്‍ പാര്‍ക്ക് ആണ് കഴുതയ്ക്ക് പെയിന്റടിച്ചത്. മഹ്മൂദ് സര്‍ഹാന്‍ എന്ന വിദ്യാര്‍ത്ഥി കഴുതയുടെ ഫോട്ടോയെടുത്ത് ഫേസ്ബുക്കിലിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. രണ്ട് കഴുതകളെയാണ് അധികൃതര്‍ പെയിന്റടിച്ച് മാറ്റിയിരിക്കുന്നത്.
സര്‍ഹാന്റെ വാദം ശരിയാണെന്ന് വിദഗ്ധരും ശരിവെച്ചിട്ടുണ്ട്. ശരീരത്തിലുള്ള വരകളും ചെവിയിലെ വ്യത്യാസവുമൊക്കെ പരിശോധിച്ചാണ് സീബ്രയല്ല കഴുത തന്നെയാണെന്ന് വിലയിരുത്തിയിരിക്കുന്നത്.
അതേ സമയം അവ സീബ്ര തന്നെയാണെന്ന് മൃഗശാല ഡയറക്ടര്‍ മുഹമ്മദ് സുല്‍ത്താന്‍ പ്രാദേശിക റേഡിയോയോട് പറഞ്ഞു. ഇതാദ്യമായല്ല കഴുതയക്ക് പെയിന്റടിച്ച് സീബ്രയാക്കുന്ന സംഭവമുണ്ടാവുന്നത്. ഇസ്രഈലി ഉപരോധത്തെ തുടര്‍ന്ന് മൃഗങ്ങളെ കിട്ടാത്ത സാഹചര്യത്തില്‍ ഗാസയിലെ മൃഗശാല 2009ല്‍ രണ്ട് കഴുതകളെ പെയിന്റടിച്ച് സീബ്രയാക്കിയിരുന്നു.