റിയാദ്: 39ാമത് ജിസിസി ഉച്ചകോടി ഞായറാഴ്ച സൗദി തലസ്ഥാനമായ റിയാദില്‍ വെച്ച് നടക്കും. ആറ് ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗള്‍ഫ് കോഓഡിനേഷന്‍ കൗണ്‍സിലിന്റെ ഉച്ചകോടിയില്‍ സൗദി ഭരണാധികാരി സല്മാന് രാജാവ് അധ്യക്ഷത വഹിക്കും. യമന്‍, സിറിയ, ഇറാന് തുടങ്ങിയ മേഖലയിലെ സുരക്ഷ വിഷയങ്ങളും എണ്ണ വിലിയിടിവിന്റെ പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങളും ഉച്ചകോടിയുടെ മുഖ്യ ചര്ച്ചാവിഷയമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അംഗരാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് ജിസിസി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലതീഫ് ബിന്‍ റാശിദ് അസ്സയ്യാനി വഴി സല്മാന് രാജാവ് ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. ശനിയാഴ്ച വൈകീട്ടും ഞായറാഴ്ച രാവിലെയും വിവിധ രാജ്യങ്ങളിലെ രാഷ്ട്ര നായകരും ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ദൗത്യസംഘവും റിയാദില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്
പൊതുതാല്പര്യമുള്ള രാഷ്ട്രീയ, പ്രതിരോധ, സാമ്പത്തിക വിഷയങ്ങള്‍ ഉച്ചകോടിയുടെ മുഖ്യ വിഷയങ്ങളായിരിക്കുമെന്ന് സെക്രട്ടറി ജനറല്‍ വ്യക്തമാക്കി. കൂടാതെ മേഖലയിലും അന്താരാഷ്ട്ര തലത്തിലും പുതുതായി രൂപപ്പെട്ട രാഷ്ട്രീയ, സുരക്ഷ, സാമ്പത്തിക വിഷയങ്ങളും ഉച്ചകോടി ചര്‍ച്ച ചെയ്തേക്കും.