കുവൈറ്റ് സിറ്റി: 100 കോടി ജനങ്ങള്‍ക്ക് ഭക്ഷണം നല്കുന്ന പദ്ധതിയുമായി കുവൈറ്റ്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പട്ടിണി അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷണം എത്തിച്ചുനല്കുക എന്നതാണ് കുവൈറ്റ് ലക്ഷ്യമിടുന്നത്. ഐക്യരാഷ്ട്രസഭയുമായി സഹകരിച്ചാണ് പദ്ധതി.
പുതിയ പദ്ധതിയുടെ പ്രഖ്യാപനം ഔകാഫ് നീതിന്യായ മന്ത്രി ഡോ. ഫഹദ് അല്‍ അഫാസി നിര്‍വഹിച്ചു. മാനുഷിക സേവനരംഗത്ത് കുവൈറ്റ് നടത്തിവരുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് 100 കോടി ജനങ്ങള്‍ക്ക് ഭക്ഷണം നല്കുന്ന പദ്ധതി.
കുവൈറ്റില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിനിടെയാണ് പ്രഖ്യാപനം. വികസനത്തിന്റെ അപര്യാപ്തതയും യുദ്ധങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളുമാണ് ലോകത്ത് പട്ടിണി വിതക്കുന്നതെന്ന് സമ്മേളനത്തില്‍ സംസാരിച്ച ജിസിസി ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്ലത്തീഫ് അല്‍ സയാനി പറഞ്ഞു
യമന്‍, സിറിയ, ജോര്‍ദാന്‍, എത്യോപ്യ, ഘാന, പാലസ്തീന് തുടങ്ങിയ രാജ്യങ്ങളില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് കുവൈറ്റ് നടത്തി വരുന്നത്. സ്കൂളുകള്‍, അനാഥാലയങ്ങള്‍, തൊഴില്‍ കേന്ദ്രങ്ങള്‍, മസ്ജിദുകള്‍ തുടങ്ങി കുവൈറ്റ് സാമ്പത്തിക സഹായത്താല്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നിരവധിയാണ്.