റോം: വിഖ്യാത ഇറ്റാലിയന്‍ സംവിധായകനും തിരക്കഥാകൃത്തും ഓസ്കര് ജേതാവുമായ ബെര്‍ണാഡോ ബെര്ട്ടെലൂച്ചി (77) അന്തരിച്ചു. അര്‍ബുദബാധിതനായിരുന്നു അദ്ദേഹം. അറുപതുകളില്‍ ഇറ്റാലിയന്‍ സിനിമ കണ്ട നവതരംഗപ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളാണ് ബെര്‍ണാഡോ ബെര്ട്ടെലൂച്ചി. മൈക്കലാഞ്ചലോ അന്റോണിയോണി, ഫെഡറിക്കോ ഫെല്ലിനി, പസോളിനി തുടങ്ങി നവതരംഗ പ്രയോക്താക്കളുടെ പരമ്പരയിലെ കണ്ണിയായ ബെര്‍ട്ടലൂച്ചി പിന്നീട് ഹോളിവുഡിലും ചുവടുറപ്പിച്ചു.
ഓസ്കറുകള് വാരിക്കൂട്ടിയ ദ ലാസ്റ്റ് എംപറര്‍, ലാസ്റ്റ് ടാങ്കോ ഇന്‍ പാരീസ്, ദ ഡ്രീമേഴ്സ്, രാഷ്ട്രീയപ്രമേയത്താല് ചര്‍ച്ചചെയ്യപ്പെട്ട ദ കണ്‍ഫോര്‍മിസ്റ്റ്, ദ ഷെല്‍ട്ടറിങ് സ്കൈ,1900, ലിറ്റില്‍ ബുദ്ധ, സ്റ്റീലിംഗ് ബ്യൂട്ടി എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങള്‍. 1987ല്‍ മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്‍പ്പെടെ ഒമ്പത് ഓസ്കര്പുരസ്കാരങ്ങളാണ് ‘ദി ലാസ്റ്റ് എംപറര്‍’ നേടിയത്.
അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതിനായി 2011ലെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹത്തിന് ഹോണറി പാം ഡി ഓര് പുരസ്കാരം സമ്മാനിക്കപ്പെട്ടു. തിരക്കഥാകൃത്ത് ക്ലേര്‍ പെപ്ലോയെ ആയിരുന്നു അദ്ദേഹം വിവാഹം കഴിച്ചിരുന്നത്.
അദ്ദേഹം ജനിച്ചത് ഇറ്റലിയിലെ എമിലിയറൊമാഗ്ന മേഖലയിലെ നഗരമായ പാര്‍മയിലാണ്. ഒരു അദ്ധ്യാപികയായിരുന്ന നിനെറ്റയുടേയും കവി, പേരെടുത്ത കലാ ചരിത്രകാരന്, പദ്യസമാഹാര രചയിതാവ്, ചലച്ചിത്ര നിരൂപകന് എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന ആറ്റിലിയോ ബെര്ട്ടെലൂച്ചിയുടേയും മൂത്തപുത്രനായിരുന്നു അദ്ദേഹം.
ഒരു കലാപരമായി അന്തരീക്ഷത്തില്‍ വളര്‍ന്നുവന്ന ബെര്തുലൂച്ചി, തന്റെ പതിനഞ്ചാമത്തെ വയസില്‍ തന്നെ എഴുതിത്തുടങ്ങുകയും പ്രേമിയോ വിയാരെഗ്ഗിയോ ഉള്‍പ്പെടെയുള്ള നിരവധി സാഹിത്യ പുരസ്കാരങ്ങള്‍ അദ്ദേഹത്തിന്റെ ആദ്യ പുസ്തകത്തിനുതന്നെ ലഭിക്കുകയും ചെയ്തു.