പരീക്ഷണത്തിനായി വയാഗ്ര കഴിക്കാന്‍ നല്‍കിയ ഗര്‍ഭിണികളുടെ ഗര്‍ഭസ്ഥശിശുക്കള്‍ മരിച്ചു. പ്രസവശേഷമാണ് മരണം സംഭവിച്ചത്. വേറെയും നിരവധി ഗര്‍ഭിണികള്‍ ഇതേ പരീക്ഷണത്തിന്റെ ഭാഗമായിട്ടുണ്ട്. ഇവരെല്ലാം ആശങ്കയോടെ കാത്തിരിക്കുകയാണ്.
ഗര്‍ഭസ്ഥ ശിശുക്കളുടെ വളര്‍ച്ച കൂട്ടാന്‍ വയാഗ്ര സഹാകമാകുമോയെന്ന പരീക്ഷണമാണ് നടന്നത്. നെതര്‍ലാന്‍ഡ്‌സിലെ പത്ത് ആശുപത്രികളില്‍ പരീക്ഷണം നടന്നിട്ടുണ്ട്. ഈ പരീക്ഷണങ്ങള്‍ തുടരുന്നത് അടിയന്തിരമായി അവസാനിപ്പിച്ചിരിക്കുകയാണിപ്പോള്‍.
ഗര്‍ഭസ്ഥ ശിശുക്കളുടെ വളര്‍ച്ച മോശമായ ഗര്‍ഭിണികളെയാണ് പരീക്ഷണത്തിന് വിധേയമാക്കിയത്. രക്തചംക്രമണം ത്വരിതപ്പെടുത്തുന്ന മരുന്നാണ് വയാഗ്ര. പുരുഷന്മാരില്‍ ലൈംഗികോത്തേജനത്തിന് ഈ മരുന്ന് ഉപയോഗിച്ചു വരുന്നുണ്ട്.
എലികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ വിജയിച്ച ശേഷമാണ് മനുഷ്യരിലും പരീക്ഷണം ആവര്‍ത്തിച്ചത്. ഗര്‍ഭിണികളില്‍ രക്തചംക്രമണം കാര്യക്ഷമമാക്കുകയും അത് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്യുമെന്ന സിദ്ധാന്തത്തിന്മേലായിരുന്നു പരീക്ഷണം.
ആകെ 93 സ്ത്രീകളെയാണ് പരീക്ഷണത്തിന് വിധേയമാക്കിയത്. ആംസ്റ്റര്‍ഡാം സര്‍വ്വകലാശാലയിലെ മെഡിക്കല്‍ സെന്ററായിരുന്നു പരീക്ഷണം നടത്തിയത്. മരിക്കാതെ രക്ഷപ്പെട്ട കുട്ടികളില്‍ പതിനേഴോളം പേര്‍ക്ക് ഗുരുതരമായ ശ്വാസകോശ പ്രശ്‌നങ്ങളുണ്ടെന്നും കണ്ടെത്തലുണ്ട്.