സോള്‍: ദക്ഷിണ കൊറിയയില്‍ റോഡില്‍ ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകള്‍ വീശിയെറിഞ്ഞ് യുവതി. കാറിലെത്തിയ യുവതിയാണ് നോട്ടുകള്‍ റോഡിലേക്ക് വീശിയെറിഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
കാറില്‍നിന്നും യുവതി നോട്ടുകള്‍ പുറത്തേക്ക് എറിയുന്നത് വ്യക്തമാണ്. വാര്‍ത്താ ഏജന്‍സി യോന്‍ഹാപ് ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം 15.8 മില്യന്‍ വോണ്‍ (9 ലക്ഷം ഇന്ത്യന്‍ രൂപ) വിവിധ ഇടങ്ങളില്‍ നിന്നായി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 11 ഇടങ്ങളിലായാണ് യുവതി പണം വീശിയെറിഞ്ഞത്. റോഡുകളില്‍ പണം കണ്ട ജനങ്ങള്‍ അവയെല്ലാം ശേഖരിച്ച് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
അതേസമയം, പാവപ്പട്ടവരെ സഹായിക്കാനാണ് മകള്‍ പണം റോഡില്‍ വീശിയെറിഞ്ഞതെന്നാണ് സംഭവത്തെക്കുറിച്ച് യുവതിയുടെ അമ്മ പൊലീസിനോട് പറഞ്ഞതെന്ന് കൊറിയ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് യുവതിയെ തിരിച്ചറിഞ്ഞത്. യുവതിക്ക് പണം തിരികെ നല്‍കാനാണ് പൊലീസ് നീക്കം.