വാഷിങ്ടണ്‍: വൈറ്റ് ഹൗസിലേക്കുള്ള ട്രംപിന്റെ ക്ഷണം നിരസിച്ച് ജമാല്‍ ഖഷോഗ്ജിയുടെ പ്രതിശ്രുത വധു ഹാറ്റിസ് സെംഗിസ്. ഖഷോഗ്ജിയുടെ വധം അന്വേഷിക്കുന്നതില്‍ അമേരിക്കയ്ക്ക് ആത്മാര്‍ത്ഥതയില്ലെന്നും തന്നെ ക്ഷണിച്ച് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമമാണ് ട്രംപിന്റേതെന്നും സെംഗിസ് പറഞ്ഞു.
തുര്‍ക്കി പൗരയായ ഹാറ്റിസ് സെംഗിസ് ഖഷോഗ്ജിയുടെ കൊലപാതകത്തിന് ശേഷം ഇതാദ്യമായാണ് ടെലിവിഷന്‍ ചാനലുകള്‍ക്ക് മുന്പില് പ്രത്യക്ഷപ്പെടുന്നത്. ഖഷോഗ്ജിയുടെ കൊലപാതകത്തിന് ഉത്തരവാദികളായ എല്ലാവരെയും നീതിക്ക് മുമ്പില്‍ കൊണ്ടു വരണമെന്നും ശിക്ഷിക്കണമെന്നും ഹാറ്റിസ് പറഞ്ഞു.
ഖഷോഗ്ജിയെ അപായപ്പെടുത്താന്‍ സൗദിക്ക് പദ്ധതിയുള്ളതായി അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കല്‍ പോലും കോണ്‍സുലേറ്റിനുള്ളിലേക്ക് പോകാന്‍ അനുവദിക്കുമായിരുന്നില്ലെന്നും ഹാറ്റിസ് പറഞ്ഞു. ഒക്ടോബര്‍ രണ്ടിന് കോണ്‍സുലേറ്റിന് പോകുമ്പോള്‍ അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നില്ല കാരണം സെപ്റ്റംബര്‍ 28ന് പോയപ്പോള്‍ ഖഷോഗ്ജിയോട് നല്ല രീതിയിലാണ് കോണ്‍സുലേറ്റിനുള്ളില്‍ പെരുമാറിയിരുന്നതെന്നും ഹാറ്റിസ് പറഞ്ഞു.
ഖഷോഗ്ജിയുടെ മൃതദേഹം കണ്ടെടുത്താല്‍ സൗദിയില്‍ നടന്നേക്കാവുന്ന സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകില്ലെന്നും ഹാറ്റിസ് വ്യക്തമാക്കി.