മറിയം നബാടാന്സിയെന്ന ഉഗാണ്ടന്‍ വനിതയുടെ ജീവിത കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇവര്‍ക്ക് പ്രായം 40. ഇവരുടെ മക്കളുടെ എണ്ണം 38. ഗാണ്ടയിലെ മുകോണോ ജില്ല സ്വദേശിയാണ് ഇവര്‍.
മറിയത്തിന്റെ കഥ ഇങ്ങനെ നീളും…
വളരെ ദുരിതപൂര്‍ണമായ അനുഭവത്തില്‍ കൂടിയാണ് മറിയം തന്റെ ചെറുപ്പകാലം ചിലവഴിച്ചത്. മറിയത്തെയും സഹോദരങ്ങളെയും ഇവരുടെ രണ്ടാനമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. ഇവരെ ഇല്ലാതാക്കുവാന്‍ ഭക്ഷണത്തില്‍ കുപ്പിച്ചില്ല് പൊടിച്ച് കലര്‍ത്തി നല്കിയപ്പോള് മറിയത്തിന്റെ നാല് സഹോദരങ്ങള്‍ക്ക് നഷ്ടമായത് ജീവനയിരുന്നു. മറിയം മാത്രമാണ് ഈ ക്രൂരകൃത്യത്തില്‍ നിന്നും രക്ഷപെട്ടത്.
ഇവിടെ നിന്നും രക്ഷപ്പെട്ട മറിയം വീണ്ടുമൊരു ദുരിതത്തിലേക്കാണ് കടന്നു കയറി ചെന്നത്. പന്ത്രണ്ട് വയസുള്ളപ്പോള്‍ 28 വയസ് കൂടുതലുള്ള ഒരാള്‍ക്ക് മറിയത്തെ വീട്ടുകാര്‍ വിവാഹം ചെയ്തു നല്കി. കാരണം മറിയത്തെ അയാള്‍ തരംകിട്ടുമ്പോഴെല്ലാം ശാരീരികമായും മാനസികമായും ഉപദ്രവിക്കുമായിരുന്നു.1994ല്‍ പതിമൂന്ന് വയസുള്ളപ്പോഴാണ് മറിയം ആദ്യമായി അമ്മയാകുന്നത്. ആദ്യ പ്രസവത്തില്‍ ഇരട്ടക്കുട്ടികള്‍ക്കാണ് മറിയം ജന്മം നല്‍കിയത്.
രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഗര്‍ഭിണിയായ ഇവര്‍ക്കു മൂന്നു കുട്ടികള്‍ ജനിച്ചു. വീണ്ടും രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇവര്‍ ജന്മം നല്‍കിയത് ഒരേ സമയം നാലു കുട്ടികള്‍ക്കായിരുന്നു. ഇങ്ങനെ ഒരേ സമയം ഒരു കുട്ടിക്കും ഒന്നിലധികം കുട്ടികള്‍ക്കും ജന്മം നല്‍കിയാണ് മറിയം 40 വയസിനുള്ളില്‍ 38കുട്ടികള്‍ക്ക് അമ്മയായത്. ആറു കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നായിരുന്നു മറിയത്തിന്റെ ആഗ്രഹം.
എന്നാല്‍ ആറ് പ്രസവത്തില്കൂടി മാത്രം മറിയം ജന്മം നല്‍കിയത് 18 കുട്ടികള്‍ക്കായിരുന്നു. പ്രസവം മതിയാക്കാന്‍ മറിയം ഡോക്ടറെ സമീപിച്ചുവെങ്കിലും അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആശുപത്രിയില്‍ നിന്നും അറിയിച്ചതിനാല്‍ അവര്‍ ആ ശ്രമവും ഉപേക്ഷിച്ചു. ഇവരുടെ പ്രത്യേക ശാരീരികാവസ്ഥയാണ് ഒരേ സമയം മൂന്നും നാലും കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 2016ലാണ് മറിയം തന്റെ അവസാനകുട്ടിക്ക് ജന്മം നല്‍കിയത്.
വര്‍ഷത്തില്‍ ഒരു പ്രാവശ്യം മാത്രമേ മറിയത്തിന്റെ ഭര്‍ത്താവ് വീട്ടില്‍ വരികയുള്ളു. കുട്ടികള്‍ പിതാവിന്റെ മുഖം പോലും നന്നായി ഓര്‍ക്കുന്നില്ല. ഭര്‍ത്താവിന്റെ സഹായമില്ലെങ്കില് പോലും കുട്ടികളുടെ ആവശ്യങ്ങളെല്ലാം മറിയം തന്നെയാണ് നടത്തിക്കൊടുക്കുന്നത്. അതിനു വേണ്ടി തന്നാല്‍ കഴിയുന്ന എല്ലാ ജോലിയും ഇവര്‍ ചെയ്യുന്നുണ്ട്. എന്റെ കുട്ടികളെ ഒരുദിവസം പോലും താന്‍ പട്ടിണിക്കിട്ടിട്ടില്ലെന്ന് അഭിമാനത്തോടെയാണ് മറിയം പറയുന്നത്.
ഇവരുടെ കഥ സാമൂഹ്യമാധ്യമങ്ങളില്‍ കൂടി വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് സമൂഹത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും സഹായഹസ്തവുമായി ഇവരെ സമീപിച്ചത് നിരവധിയാളുകളാണ്.