ന്യൂഡല്‍ഹി: ഇന്ത്യ അമേരിക്കയുമായി അടിയന്തിര വ്യാപാര ചര്‍ച്ച ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തുമെന്ന ആശങ്കയിലാണ് ഇന്ത്യ വ്യാപാരത്തിനായി ആഗ്രഹിക്കുന്നതെന്ന് ട്രംപ് വാഷിംഗ്ടണില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയെ ‘ചുങ്കങ്ങളുടെ രാജാവെ’ന്നും ട്രംപ് വിശേഷിപ്പിച്ചു.
യുഎസ് ഉല്പന്നങ്ങള്ക്ക് നൂറു ശതമാനം ഇറക്കുമതി ചുങ്കം ഈടാക്കുന്ന ഇന്ത്യ, അമേരിക്കന്‍ വിപണിയില്‍ നികുതിയൊന്നും ഇല്ലാതെയാണ് അവരുടെ ഉല്പന്നങ്ങള് വില്‍ക്കുന്നതെന്നും ഇത് അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. ഇതിനായി ഇന്ത്യക്ക് നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നെന്നും ആ ആശങ്കയിലാണ് വ്യപാര ചര്‍ച്ച ഉടന്‍ തന്നെ ആരംഭിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.