സന: മൂന്നു വര്‍ഷത്തോളമായി തുടരുന്ന ആഭ്യന്തരയുദ്ധം യമനില്‍ കടുത്ത ക്ഷാമത്തിലേക്ക് നയിക്കുന്നു. യുദ്ധം തകര്‍ത്തെറിഞ്ഞ യമനില്‍ ക്ഷാമവും പോഷകാഹാരക്കുറവും വ്യക്തമാക്കുന്ന കണക്കുകളും ദൃശ്യങ്ങളും യുഎന്‍ പുറത്തു വിട്ടു.
സൗദി അറേബ്യ പിന്തുണയ്ക്കുന്ന യമനിലെ സര്‍ക്കാരും ഇറാനുമായി ബന്ധം പുലര്‍ത്തുന്ന ഹൂതി വിമതരും തമ്മില്‍ വര്‍ഷങ്ങളായി ആഭ്യന്തരയുദ്ധം നടന്നുവരികയാണ്. ഇതോടെ ദശലക്ഷങ്ങള്‍ മതിയായ ഭക്ഷണവും വെള്ളവും ഉള്‍പ്പെടെ ലഭിക്കാതെ ദുരിതത്തിലാവുകയായിരുന്നു. ലക്ഷക്കണക്കിന് കുട്ടികളാണ് തങ്ങള്‍ക്ക് അടുത്ത ഭക്ഷണം എപ്പോള്‍ ലഭിക്കുമെന്ന് അറിയാതെ കഴിയുന്നതെന്ന് സേവ് ദ ചില്‍ഡ്രന്‍ ഇന്റര്‍നാഷണ
ല്‍ സിഇഒ പറയുന്നു. യുദ്ധം യമനില്‍ ഇല്ലാതാക്കാന്‍ പോവുന്നത് ഒരു തലമുറയെ ആണെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ തരുന്നത്.
യമനിലെ അവസ്ഥപരിഗണിച്ച് യുഎഇ സഹായമെത്തിക്കാന്‍ സനായ്ക്കും ഹൊദെയ്ദിനും ഇടയില്‍ മനുഷ്യത്വ ഇടനാഴി സൃഷ്ടിക്കുമെന്ന ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും സഹായമെത്താന്‍ വന്‍ കാലതാമസമാണ് നേരിടുന്നത്. പോഷകാഹാരക്കുറവിനൊപ്പം രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതും ജനങ്ങളുടെയും അഭയാര്‍ഥികളുടെയും ജീവന് വന്‍ ഭീഷണി ഉയര്‍ത്തുന്നതായും യുഎന്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വന്‍ വിലയാണ് ഈടാക്കുന്നത്. ആശുപത്രി ചിലവുകള്‍ വഹിക്കാന്‍ കഴിയാത്തിനാല്‍ കുട്ടികള്‍ക്ക് ചികില്‍സ ലഭ്യമാക്കാനാവാത്ത സ്ഥിതിയും ഇവിടങ്ങളില്‍ രൂക്ഷമാണെന്നും സന്നദ്ധസംഘടനകള്‍ പറയുന്നു.