ന്യൂയോര്‍ക്ക്: വിപണിയില്‍ പുതിയ പാനീയം ഇറക്കാനൊരുങ്ങി കൊക്കകോള. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാനീയ ഉത്പാദന കമ്പനിയാണ് കൊക്കകോള. പുതു പാനീയത്തില്‍ രുചി കൂട്ടിന് ചേര്‍ക്കുന്നത് കഞ്ചാവാണെന്നാണ് ലഭിക്കുന്ന വിവരം. ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് പാനീയത്തില്‍ കഞ്ചാവ് ചേര്‍ക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
ഉത്പന്നം വിപണിയിലെത്തിക്കാനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി കൊക്കകോള കമ്പനി കാനഡയിലെ പ്രമുഖ കമ്പനിയായ അറോറ കാനബീസുമായി ചര്‍ച്ച നടത്തി. ഔഷധ നിര്‍മാണ ആവശ്യത്തിനായി കഞ്ചാവ് ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് അറോറ കാനബിസ്. അറോറയുമായി കൈകോര്‍ത്ത് പാനീയ വിപണിയില്‍ തങ്ങളുടെ ആധിപത്യം ഒന്നു കൂടി ഉറപ്പിക്കാനൊരുങ്ങുകയാണ് കൊക്കകോള.
മാനസികോത്തേജനം നല്കുന്ന കഞ്ചാവിന്റെ ഗുണത്തേക്കാളുപരി അതിന്റെ ഔഷധ ശേഷിയായിരിക്കും പാനീയത്തിലുപയോഗപ്പെടുത്തുക. കഠിനമായ വേദന, ഉത്കണ്ഠ, നാഡീരോഗങ്ങള്‍ ഇവയുടെ ചികിത്സക്കായി കഞ്ചാവ് ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അപസ്മാര രോഗത്തിനും കഞ്ചാവ് ഉപയോഗിക്കാന്‍ പലയിടത്തും അനുമതിയുണ്ട്. ഇക്കാര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി ലാഭം കൊയ്യാനാണ് കൊക്കകോളയുടെ നീക്കം.