മനില: ഫിലിപ്പീന്‍സിനെ ആശങ്കയിലാക്കി മംഖൂട്ട് ചുഴലിക്കാറ്റ് ശക്തിയാര്‍ജിക്കുന്നതായി റിപ്പോര്‍ട്ട്. ഹവായിയിലെ കാലാവസ്ഥാ മുന്നറിയിപ്പുകേന്ദ്രത്തിന്റെ ജാഗ്രതാനിര്‍ദേശം പുറത്തുവന്നതോടെ ലോകമാകെ ആശങ്കയിലായിരിക്കുകയാണ്.
മണിക്കൂറില്‍ 285 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന മംഖൂട്ട് ചുഴലിക്കാറ്റ് ഫിലിപ്പീന്‍സ്, ചൈന, ഹോങ്കോങ് തീരങ്ങളിലേക്കാണ് നീങ്ങുന്നത്. ചുഴലിക്കാറ്റ് ഏറ്റവുമധികം ബാധിക്കുക ഫിലിപ്പീന്‍സിനെ ആയിരിക്കുമെന്നും സൂചനയുണ്ട്. മംഖൂട്ട് ചുഴലിക്കാറ്റ് മനില തീരത്തേക്ക് അടുത്തുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നാല്‍പ്പത്തിമൂന്നു ലക്ഷം ജനങ്ങളെ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്ത് പലയിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വിമാനത്താവളങ്ങളിലും സുപ്രധാനകേന്ദ്രങ്ങളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സുരക്ഷാനടപടിയുടെ ഭാഗമായി തീരമേഖലകളില്‍നിന്ന് അധികൃതര്‍ ആളുകളെ ഒഴിപ്പിച്ചുതുടങ്ങി. സ്കൂളുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടു. മണ്ണിടിച്ചിലും മറ്റും തടയാന്‍ ബുള്‍ഡോസര്‍ അടക്കമുള്ളവ തയ്യാറാക്കി. ആയിരക്കണക്കിനു രക്ഷാപ്രവര്‍ത്തകരെയും സജ്ജമാക്കി. ഒഴിപ്പിച്ച പതിനായിരക്കണക്കിനുപേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി സൈനിക മേധാവി റിച്ചാര്‍ഡോ ജലാദ് അറിയിച്ചു.
കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മംഖൂട്ട് നൂറ്റാണ്ടിലെ ചുഴലിക്കാറ്റ് എന്നറിയപ്പെടുന്ന ഫ്ളോറന്‍സിനേക്കാള്‍ ശക്തിയേറിയതാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്.