ലണ്ടന്‍: ഇന്ത്യ വിടും മുന്‍പ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് വിവാദ വ്യവസായി വിജയ് മല്യയുടെ വെളിപ്പെടുത്തല്‍. ലണ്ടനില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിക്കു പുറത്തു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്യങ്ങള്‍ നല്ല രീതിയില്‍ പരിഹരിക്കുന്നതിനു തന്റെ നിര്‍ദേശങ്ങള്‍ ധനമന്ത്രിയോട് അറിയിച്ചിരുന്നുവെന്നും, ലണ്ടനില്‍ പോകുന്ന കാര്യം പറഞ്ഞിരുന്നുവെന്നും മല്യ വ്യക്തമാക്കി.
പാര്ലമെന്റിനകത്തുവച്ചാണ് ജയ്റ്റ്ലിയെ കണ്ടത്. നേരത്തേ തീരുമാനിച്ചുള്ള കൂടിക്കാഴ്ച അല്ലായിരുന്നുവെന്നും മല്യ വെളിപ്പെടുത്തി. എന്നാല്‍ തന്റെ നിര്‍ദേശങ്ങള്‍ ബാങ്കുകള്‍ തള്ളുകയായിരുന്നെന്നു മല്യ പറഞ്ഞു. അതേസമയം, വിജയ് മല്യയെ കണ്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി വിശദീകരിച്ചു. 2014 മുതല്‍ മല്യയ്ക്കു കൂടിക്കാഴ്ചയ്ക്കു സമയം അനുവദിച്ചിട്ടില്ല.
ധനമന്ത്രിയോടല്ല, മറിച്ച് ബാങ്കുകളോടാണു മല്യ നിര്‍ദേശങ്ങള്‍ അറിയിക്കേണ്ടതെന്നും ജെയ്റ്റ്ലി സമൂഹമാധ്യമത്തില്‍ കുറിച്ചു. മല്യ ധനമന്ത്രിയെ കണ്ടതിന്റെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയില്‍ എന്താണു സംഭവിച്ചതെന്നു വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി പറഞ്ഞു.