വാഷിംഗ്ടണ്‍: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബോബ് വുഡ്വാര്ഡിന്റെ ഏറ്റവും പുതിയ പുസ്തകമായ ,’ഫിയര്‍; ട്രംപ് ഇന്‍ ദ വൈറ്റ് ഹൗസ്’ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ട്രംപ് ഭരണത്തിന്‍കീഴില്‍ വൈറ്റ് ഹൗസിനുള്ളില്‍ നടക്കുന്ന കാര്യങ്ങളെ അടുത്തുനിന്നു നോക്കിക്കാണുന്ന വ്യക്തിയുടെ വിവരണങ്ങളായാണ് 448 പേജുകളുള്ള ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
വൈറ്റ് ഹൗസിനെ കേന്ദ്ര ബിന്ദുവാക്കി എഴുതിയ ഈ പുസ്തകത്തില്‍ ഇന്ത്യയെപ്പറ്റിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 2017ലെ അമേരിക്കന്‍ സന്ദര്‍ശനത്തെപ്പറ്റിയും വിവരിക്കുന്നുണ്ട്. മോഡിക്ക് ക്യാമ്പ് ഡേവിഡില്‍ പോകണമെന്നും ട്രംപുമായൊന്നിച്ച് അത്താഴം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും അതിന് അവസരമുണ്ടാക്കണമെന്നും അന്നത്തെ അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്ആര്‍ മക്മാസ്റ്റര്‍ വൈറ്റ് ഹൗസ് ചീഫ് റെയിന്‍സ് പ്രീബസുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതായും പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ അത്തരമൊരു അത്താഴവിരുന്ന് സന്ദര്‍ശക പദ്ധതിയില്‍ ഇല്ലെന്ന് കാട്ടി പ്രീബിയസ് മക്മാസ്റ്ററെ നിരുത്സാഹപ്പെടുത്തി.
ഇന്ത്യയുമായി അമേരിക്ക ശക്തമായ ബന്ധം സ്ഥാപിക്കണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ് മക്മാസ്റ്റര്‍. അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഏറ്റവും അടുത്ത ബന്ധമുള്ള നേതാക്കളെ മാത്രം സ്വീകരിക്കുന്ന പ്രസിഡന്‍ഷ്യല്‍ റിസോര്‍ട്ടാണ് ക്യാമ്പ് ഡേവിഡില്‍. നിരവധി ലോകനേതാക്കള്‍ക്ക് വിരുന്ന് നല്‍കിയതിലൂടെ പ്രസിദ്ധമാണ് വാഷിംഗ്ടണില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ക്യാംപ് ഡേവിഡ്.
ഇവിടെ നിന്നും അത്താഴം കഴിക്കുന്നതിലൂടെ ട്രംപുമായി അടുത്ത ബന്ധമുണ്ടാക്കാമെന്ന് മോഡി കണക്കുകൂട്ടിയിരുന്നതായി പുസ്തകത്തിലൂടെ ബോബ് വുഡ്വാര്‍ഡ് പറയുന്നു. പുസ്തകത്തിലെ പരാമര്‍ശങ്ങളെ തമാശ എന്ന് പറഞ്ഞ് ട്രംപ് തളളിക്കളഞ്ഞു . എന്നാല്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ തയ്യാറായിട്ടില്ല.