സ്ത്രീകള്‍ക്ക് കേശാലങ്കാര രീതികളാകാമെങ്കില് ഞങ്ങള്‍ക്ക് താടി അനുവദിക്കണമെന്നാവശ്യപ്പെട്ട് പരുഷകേസരികള്. ഒരു കൂട്ടം നാവികര്‍ സോഷ്യല്‍ മീഡിയയില്‍ യുഎസ് നാവികസേനയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ‘വി വാണ്ട് ബിയേഡ്’ എന്ന ഹാഷ് ടാഗിലുള്ള പോസ്റ്റിനെ ആയിരങ്ങളാണ് പിന്തുണച്ചിരിക്കുന്നത്. 1984ലാണ് നാവികര്‍ക്ക് താടി വിലക്കിയ നിയമം നിലവില്‍ വന്നത്.
ഫയര്‍ ഫൈറ്റിങ് മാസ്ക്കുകളും ശ്വസന യന്ത്രങ്ങളും തടസ്സമില്ലാതെ ഉപയോഗിക്കുന്നതിനു വേണ്ടിയാണ് അങ്ങനെയൊരു നിയമം കൊണ്ടു വന്നത്. എന്നാല്‍ താടി വെക്കുമ്പോള്‍ ആത്മവിശ്വാസം കൂടുമെന്നാണ് നാവികസേനയിലെ സെക്യൂരിറ്റി ഓഫീസര്‍ പറയുന്നത്. ‘ഹൈസ്കൂള്‍ കാലത്ത് 6 ഇഞ്ച് നീളമുള്ള താടിയുണ്ടായിരുന്നു. അത് മുറിക്കേണ്ടി വന്ന സങ്കടവും ഓഫീസര്‍ പങ്കുവെക്കുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരില്‍ പലര്‍ക്കും താടിവെക്കാമെങ്കില്‍ എന്തുകൊണ്ട് നാവികര്ക്കായിക്കൂടാ എന്നും താടി വെച്ചാലും പ്രൊഫഷണല്‍ ലുക്ക് ഉണ്ടാകും എന്നും അഭിപ്രായങ്ങളുണ്ട്. ഷേവ് ചെയ്യുമ്പോള്‍ ത്വക്കില്‍ അലര്‍ജിയുള്ള ആളുകള്‍ക്കും താടി വെക്കാനുള്ള അനുമതി നല്‍കുന്നുണ്ട്. സുരക്ഷ കണക്കിലെടുത്തു തന്നെയാണ് നിയമത്തില്‍ ഭേദഗതി വരുത്താത്തതെന്ന് നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.