വയനാട്: കൈപ്പത്തി ചിഹ്നത്തില്‍ കുത്തുന്ന വോട്ട് പോകുന്നത് താമര ചിഹ്നത്തിന്. വയനാട് ജില്ലയിലെ കല്‍പ്പറ്റ മണ്ഡലത്തിലെ കണിയാമ്പറ്റ പഞ്ചായത്തിലെ അന്‍സാരിയ പബ്ലിക് സ്കൂളിലെ 54-ാം നമ്പര്‍ ബൂത്തിലാണ് സംഭവം. മൂന്നുപേരാണ് പരാതിയുമായി എത്തിയത്. ഇതോടെ വോട്ടെടുപ്പ് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
പരാതിക്കാരായ മൂന്നു പേര് കൈപ്പത്തി ചിഹ്നത്തിന് വോട്ടു ചെയ്തു. എന്നാല്‍ രണ്ടു പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമാണ് കാണിച്ചതെന്നാണ് പരാതി. സംഭവത്തില്‍ യുഡിഎഫ് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പരാതി നല്കി.
ഇതിനിടെ ബൂത്തില്‍ മന്ത്രിമാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്ന് ആരോപിച്ച് കമ്പളക്കാട് യുപി സ്കൂളില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. 51-ാം നമ്പര്‍ ബൂത്തിലാണ് പ്രശ്നമുണ്ടായത്. യുഡിഎഫ് പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് മന്ത്രിമാരുടെ ചിത്രങ്ങള്‍ മാറ്റി.
അതേസമയം, ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴക്കൂട്ടം, നേമം മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴക്കൂട്ടത്ത് 39.64 ശതമാനവും നേമത്ത് 38.85 ശതമാനവുമാണ് പോളിംഗ്.