എസ്മോഡ് ഇന്റര്‍നാഷണല്‍ ഫാഷന്‍ ഷോക്കിടയിലാണ് ഡിസൈനേഴ്സിനെയും കാണികളെയും ഒരുപോലെ ഞെട്ടിച്ച് മോഡലുകള്‍ ക്യാറ്റ് വാക്ക് ചെയ്യുന്ന റാമ്പില്‍ ഒരു പൂച്ച പ്രത്യക്ഷപ്പെട്ടത്.
റാമ്പില്‍ പാദവും വാലും നക്കി ഇരുന്ന പൂച്ച ഡിസൈനര്‍ വസ്ത്രങ്ങളിഞ്ഞ് മോഡലുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ഉഷാറായി. ആദ്യമൊക്കെ മോഡലുകളെ നോക്കിയിരുന്ന പൂച്ച കുറച്ചുനേരം കഴിഞ്ഞതോടെ റാമ്പിലൂടെ മുന്നോട്ട് നടന്നു. സമീപമെത്തുന്ന മോഡലുകളുടെ നേര്‍ക്ക് കുതിച്ച് ഇടക്ക് അവര്‍ക്കൊപ്പം കളിക്കാനും ശ്രമിച്ചതോടെ കാണികള്‍ ചിരി തുടങ്ങി. എന്നാല്‍ പൂച്ച റാമ്പില്‍ നില്‍ക്കുന്നത് കണ്ടതായി പോലും ഭാവിക്കാതെയാണ് മോഡലുകള്‍ റാമ്പില്‍ ചുവട് വെച്ചത്.
റാമ്പില്‍ പൂച്ച എങ്ങനെയാണ് എത്തിയത് എന്ന് വ്യക്തമല്ല. അപ്രതീക്ഷിതമായി റാമ്പിലെത്തിയ പൂച്ചയെ കണ്ട് കാണികള്‍ അമ്പരന്നെങ്കിലും പൂച്ചയെ ഓടിച്ചുവിടാനുള്ള ശ്രമമൊന്നും ആരും നടത്തിയില്ല. ഫാഷന്‍ ഡിസൈനറായ ഗോസ്കിന് ഹക്കി അലിയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തിരിക്കുന്നത്.