ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് സെമി ഫൈനല്‍ മത്സരത്തില്‍ നിന്ന് ഇന്ത്യയുടെ ബോക്സിംഗ് താരം വികാസ് കൃഷന് പിന്മാറി. കണ്ണിനേറ്റ പരിക്ക് വഷളായതിനെത്തുടര്‍ന്നാണ് പിന്മാറ്റം. ഇതോടെ മുന്‍ ലോകചാമ്പ്യനായ വികാസിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
പുരുഷന്മാരുടെ മിഡില്‍ വെയ്റ്റില്‍ (75 കിലോഗ്രാം) നിന്നാണ് താരം പിന്മാറിയത്. സെമിയില്‍ കസാക്കിസ്ഥാന്റെ അബില്ഖാന് അമന്കുളായിരുന്നു വികാസിന്റെ എതിരാളി. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ വികാസിന് മത്സരിക്കാന്‍ സാധിക്കില്ലെന്ന് ടീം ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
ഇടത്തേ കണ്പോളയ്ക്കേറ്റ പരിക്കുമായാണ് പ്രീക്വാര്‍ട്ടര്‍ മത്സരത്തിലും വികാസ് പോരാടിയത്. എന്നാല്‍ ക്വാര്‍ട്ടറില്‍ ചൈനയുടെ തന്തതിഹാന് എര്ബീക്കിനെതിരെ ചോരയൊലിപ്പിച്ചാണ് വികാസ് ജയിച്ചുകയറിയത്. ഇതോടെ സെമി ഫൈനലില്‍ നിന്ന് പിന്മാറാന് ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.
പരിക്കേറ്റു പിന്മാറിയെങ്കിലും തുടര്‍ച്ചയായി മൂന്നു ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബോക്സര്‍ എന്ന നേട്ടം സ്വന്തമാക്കാന്‍ 26 വയസുകാരനായ വികാസിനായി. 2010 ല്‍ സ്വര്‍ണവും 2014 ല്‍ വെങ്കലവും വികാസ് നേടിയിരുന്നു.<