മുംബൈ: അവാര്‍ഡ് ദാന ചടങ്ങില്‍ ധരിക്കാന്‍ നല്‍കിയ വിലപിടിപ്പുള്ള ആഭരണം തിരിച്ചു നല്‍കാതെ നടി കബളിപ്പിച്ചെന്ന പരാതിയുമായി ആഭരണ നിര്‍മാതാക്കള്‍. ബോളിവുഡ് നടിയും ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ അംഗവുമായ ഹിന ഖാനെതിരേയാണ് ഒരു ആഭരണ ബ്രാന്‍ഡ് നിയമനടപടികള്‍ ആരംഭിച്ചത്.
ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ചടങ്ങളില്‍ പങ്കെടുക്കുന്നതിനായി 12 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണം ഹിന ഖാന് പരാതിക്കാരായ ബ്രാന്‍ഡ് നല്‍കിയിരുന്നു. എന്നാല്‍ ചടങ്ങിനുശേഷം ഹിന ഇതു കമ്പനിക്കു തിരിച്ചുനല്‍കിയില്ല. ആഭരണം തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് കമ്പനി പ്രതിനിധികളെ അയച്ചെങ്കിലും നഷ്ടപ്പെട്ടു പോയെന്ന കാരണം പറഞ്ഞ് ഹിന ഇവരെ മടക്കി അയച്ചു. കൂടാതെ, കന്പനിയുടെ പ്രതിനിധികളെ ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും ഹിനയ്ക്ക് അയച്ച നോട്ടീസില്‍ ബ്രാന്‍ഡ് ആരോപിക്കുന്നു.
ആഭരണം മടക്കി നല്‍കുകയോ ആഭരണത്തിനു തുല്യമായ പണം നല്‍കുകയോ ചെയ്യണമെന്നാണ് ആഭരണ കമ്പനി നോട്ടീസില്‍ ആവശ്യപ്പെടുന്നത്. കൂടാതെ, വ്യാപാര നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപ നല്‍കണമെന്നും നിരുപാധികം മാപ്പെഴുതി നല്‍കണമെന്നും കന്പനി ആവശ്യപ്പെടുന്നു. അതേസമയം, ആരോപണം നിഷേധിച്ച് ഹിന ട്വിറ്ററില്‍ രംഗത്തെത്തി. തന്റെ കൈവശം ലഭിക്കാത്ത നോട്ടീസ്, എങ്ങനെയാണ് മാധ്യമങ്ങള്‍ക്കു ലഭിച്ചതെന്നും ഈ തന്ത്രത്തില്‍ താന്‍ വീഴില്ലെന്നും ഹിന ട്വീറ്റ് ചെയ്തു.