ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം കബഡി സെമിഫൈനലില്‍ ഇന്ത്യയ്ക്ക് ഇറാനോട് ഞെട്ടിക്കുന്ന തോല്‍വി. ഏഴു തവണ ചാമ്പ്യന്മാരായ ഇന്ത്യയെ 27-18 എന്ന സ്കോറിനാണ് ഇറാന് പരാജയപ്പെടുത്തിയത്. 1990-ല്‍ കബഡി ഗെയിംസില്‍ ഉള്‍പ്പെടുത്തിയ ശേഷം ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യ സ്വര്ണമെഡലില്ലാതെ മടങ്ങുന്നത്.
വനിതാ സിംഗിള്‍സില്‍ പി.വി.സിന്ധു വിയറ്റ്നാമിന്റെ യു തി തരംഗിനെയും സൈന നേവാള്‍ ഇറാന്റെ അഗെയ്ഹാജിയാഗ സൊരയയെയും വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യം യുറങ് എന്‍ഗ ടിങ്- വിങ് യുങ് എന്‍ഗ് സഖ്യത്തെയും മിക്സഡ് ഡബിള്‍സില്‍ പ്രണവ് ചോപ്ര-സിക്കി റെഡ്ഡി സഖ്യം മലേഷ്യയുടെ പെങ് സൂന് ചാന്- ല്യു യിങ് ഗോ സഖ്യത്തെയും നേരിടും.
ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ ഷാര്‍ദുല്‍ വിഹാന് വെള്ളി നേടി. ഡബിള്‍ ട്രാപിലായിരുന്നു വിഹാന്റെ വെള്ളി നേട്ടം. അതേസമയം വനിതാ ടെന്നീസ് സിംഗിള്‍സില്‍ അങ്കിതാ റെയ്നയ്ക്ക് വെങ്കലം. സെമിയില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരമായ ഷ്വായ് സാങ്ങിനോട് പരാജയപ്പെടുകയായിരുന്നു അങ്കിത. സാനിയ മിര്‍സയ്ക്ക് ശേഷം ഇതാദ്യമായാണ് സിംഗിള്‍സില്‍ ഒരു ഇന്ത്യന്‍ വനിതാ താരം സില്‍വര്‍ നേടുന്നത്. 2006 ലായിരുന്നു സാനിയ വെള്ളി നേടുന്നത്.
പുരുഷ ടെന്നീസ് ഡബ്ബിള്‍സില്‍ രോഹന് ബൊപ്പണ്ണ-ദിവിജ് ശരണ്‍ സഖ്യം ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. ഇതോടെ ഇവര്‍ മെഡല്‍ ഉറപ്പിച്ചു. സെമിയില്‍ ജപ്പാന്റെ യൂസുകി-ഷിമാബുകോറോ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍ 4-6,6-3,10-8.
വെയ്റ്റ് ലിഫ്റ്റിംഗില്‍ ഇന്ത്യയുടെ അജയ് സിങ് അഞ്ചാം സ്ഥാനത്തെത്തി. 14 കിലോയുടെ വ്യത്യാസത്തിലാണ് വെങ്കലം നഷ്ടമായത്. കബഡിയില്‍ ഇന്ത്യയുടെ വനിതാ ടീം ചൈനീസ് തായ് പേയിയെ 27-14 ന് പരാജയപ്പെടുത്തി ഫൈനലിലെത്തിയിട്ടുണ്ട്. ഇതോടെ ഈ ഇനത്തിലും ഇന്ത്യ മെഡല്‍ ഉറപ്പിച്ചു. നാല് സ്വര്‍ണവും വെള്ളിയും പത്ത് വെങ്കലവും ഉള്‍പ്പടെ മൊത്തം പതിനെട്ട് മെഡലാണ് ഇന്ത്യയ്ക്കുള്ളത്. മെഡല്‍ പട്ടികയില്‍ ഏഴാം സ്ഥാനത്തണ് ഇന്ത്യ.