മഹാപ്രളയം ദുരിതം വിതച്ച കേരളത്തിന് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നാണ് സഹായം എത്തുന്നത്. കായിക ലോകത്തു നിന്നുള്ള സംഭാവനയും സംസ്ഥാനത്തിന് കൈത്താങ്ങായിരുന്നു. ഇപ്പോഴിതാ വീണ്ടും കായിക മേഖലയില്‍ നിന്ന് കൂടുതല്‍ സഹായങ്ങള്‍ കേരളത്തിന് എത്തിക്കൊണ്ടിരിക്കുകയാണ്. ഇറ്റാലിയന്‍ വമ്പന്മാരായ എഎസ് റോമയാണ് കേരളത്തിന് ഒടുവില്‍ സാമ്പത്തിക സഹായം ഉറപ്പ് നല്‍കിയത്.
ഇറ്റാലിയന്‍ ഒന്നാം ഡിവിഷനില്‍ കളിക്കുന്ന എഎസ് റോമ സ്വന്തം താരങ്ങളുടെ ജഴ്സി ലേലത്തിന് വച്ച് ലഭിക്കുന്ന തുകയാകും കേരളത്തിന് നല്‍കുക. കഴിഞ്ഞ ദിവസം നടന്ന അവരുടെ ആദ്യ ഹോം മത്സരത്തിന് ശേഷമാണ് ക്ലബ്ബിന്റെ പ്രഖ്യാപനം.
അഞ്ച് പ്രമുഖ താരങ്ങളുടെ ജഴ്സിയാണ് റോമ ലേലത്തിന് വയ്ക്കുക. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക മുഴുവനായും കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനാണ് ക്ലബ്ബിന്റെ തീരുമാനം.
ഇറ്റാലിയന്‍ ഒന്നാം ലീഗില്‍ കളിക്കുന്ന ടീമാണ് എഎസ് റോമ. മൂന്ന് തവണ ഇറ്റാലിയന്‍ കപ്പും, രണ്ട് തവണ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പും സ്വന്തമാക്കിയിട്ടുണ്ട്. ഒരു തവണ യൂറോപ്യന്‍ കപ്പില്‍ റണ്ണേഴ്സപ്പും ആയിട്ടുണ്ട്. നേരത്തെ യൂറോപ്യന്‍ വമ്പന്മാരായ ലിവര്‍പൂള്‍, എഫ്സി ബാര്‍സിലോണ, ചെല്‍സി ഉള്‍പ്പടെയുള്ള ക്ലബ്ബുകളും കേരളത്തിന് പിന്തുണയറിച്ച് രംഗത്തെത്തിയിരുന്നു.
ഇന്ത്യന്‍ കായിക ലോകത്തുനിന്നും വലിയ പിന്തുണ കേരളത്തിലെ ദുരിതബാധിതര്‍ക്ക് ലഭിച്ചിരുന്നു. കേരളത്തിന്റെ സ്വന്തം ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സും, അവരുടെ തന്നെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ബെംഗളൂരു എഫ്സിയും കേരളത്തെ സഹായിക്കാന്‍ രംഗത്തെത്തിയിരുന്നു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ആരാധകരും ചേര്‍ന്ന് അവശ്യ സാധനങ്ങള്‍ കേരളത്തിലേക്കയച്ചിരുന്നു.
നോട്ടിങ്ഹാം ടെസ്റ്റ് വിജയം കേരളത്തിന് സമര്‍പ്പിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം, അവരുടെ മത്സര പ്രതിഫലമായ 2 കോടി രൂപയും കേരളത്തിന് നല്‍കിയിരുന്നു. ഇതിന് പുറമെ സച്ചിന് തെന്‍ഡുല്‍ക്കര്‍ ഉള്‍പ്പടെയുള്ള പ്രമുഖ താരങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കി കഴിഞ്ഞു.