കൊല്ലം: എഴുതിയ കത്ത് ക്ലിക്കായി… പ്രധാനമന്ത്രിയുമായി നേരിട്ടു സംവദിക്കാന്‍ അവസരം നേടി പുനലൂര്‍ സ്വദേശിനിയായ പത്താംക്ലാസുകാരി കൊച്ചുമിടുക്കി. പുനലൂര്‍ പുതുവേലില്‍ വീട്ടില്‍ റോയി വര്‍ഗീസിന്റെയും ജെസി റോയിയുടെയും മകള്‍ നിരുപ റോയിയാണ് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് സംസാരിക്കാനുള്ള സുവര്‍ണ്ണ നേട്ടം കൈവരിച്ചത്.
‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പും പോസ്റ്റല്‍ വകുപ്പും സംയുക്തമായി നടത്തിയ 75 ലക്ഷം പോസ്റ്റ് കാര്‍ഡ് ക്യാമ്പയ്നിന്റെ ഭാഗമായാണ് നിരുപയ്ക്ക് ഇത്തരത്തില്‍ അവസരം ലഭിച്ചത്.
രാജ്യത്തെ എല്ലാ സ്കൂളുകളില്‍ നിന്നുമായി 75 ലക്ഷം കുട്ടികള്‍ പ്രധാനമന്ത്രിക്കു കത്തുകള്‍ അയച്ചിരുന്നു. ഇതില്‍ നിന്നാണു പുനലൂര്‍ ഫാത്തിമ പബ്ലിക് സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയായ നിരുപ തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്തു നിന്ന് അര്‍ഹത നേടിയ ഏക വിദ്യാര്‍ഥിനിയാണ് നിരുപ എന്നതാണ് പ്രത്യേകത.
സ്കൂളില്‍ നടന്ന സെമിനാറുകള്‍, ചര്‍ച്ചകള്‍ തുടങ്ങിയവയിലൂടെ ലഭിച്ച പരിശീലനം ഈ നേട്ടത്തിനു സഹായകമായെന്നു നിരുപയും സ്കൂള്‍ മാനേജര്‍ പ്രഫ. എച്ച്. അസറുദ്ദീനും പറഞ്ഞു. സിവില്‍ സര്‍വീസ് ആണു ഈ കൊച്ചുമിടുക്കിയുടെ ലക്ഷ്യം.
പോസ്റ്റ്കാര്‍ഡുകള്‍ കണ്ടിട്ടില്ലാത്ത ഒരു തലമുറയിലെ കുട്ടികള്‍ക്കായി, ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്ത്യ പോസ്റ്റ് സംഘടിപ്പിച്ച ക്യാമ്പയിനാണിത്. രാജ്യത്തെ സ്കൂളുകളിലെയും ജൂനിയര്‍ കോളേജുകളിലെയും വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചായിരുന്നു മത്സരം.
ഈ വര്‍ഷം ഓഗസ്റ്റില്‍ ആരംഭിച്ച ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ ഭാഗമായി, തപാല്‍ വകുപ്പും കമ്മ്യൂണിക്കേഷന്‍ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പും ചേര്‍ന്നാണ് ’75 ലക്ഷം പോസ്റ്റ്കാര്‍ഡ് ക്യാമ്പയ്ന് തുടക്കമിട്ടത്. രാജ്യവ്യാപകമായി നടന്ന ഈ മത്സരം പുത്തന്‍ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് കാര്‍ഡുകളില്‍ എഴുതാനുള്ള അവസരമാണ് ലഭിച്ചത്.