കാഞ്ഞങ്ങാട്: തന്റെ തുച്ഛമായ വരുമാനത്തില്‍ നിന്നും സ്വരുക്കൂട്ടി വെച്ച പണം കുഞ്ഞിനെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ കഴിയാതെ വിഷമിച്ചിരിക്കുന്ന മുന്‍പരിചയം പോലുമില്ലാത്ത കുടുംബത്തിനായി നല്കി റസാഖിന്റെ നന്മ. രണ്ട് മക്കളെയും കെട്ടിപ്പിടിച്ച് കരയുന്ന അച്ഛനെയും അമ്മയെയും കണ്ടപ്പോഴാണ് റസാഖിന്റെ മനസ്സലിഞ്ഞത്. കൈയ്യിലുള്ള പണം റസാഖ് ആ കുടുംബത്തിന് നേരെ നീട്ടുകയായിരുന്നു.
ജില്ല ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലെത്തിയതായിരുന്നു അറ്റന്‍ഡര്‍ കൂടിയായ കൊടക്കാട് വെള്ളച്ചാലിലെ റസാഖ്. അവിടെയപ്പോള്‍ കണ്ടത് രണ്ട് മക്കളെയും കെട്ടിപ്പിടിച്ച് കരയുന്ന അച്ഛനെയും അമ്മയെയുമാണ്. നായുടെ കടിയേറ്റ് ചൊവ്വാഴ്ച ജില്ല ആശുപത്രിയില്‍ ചികിത്സക്കെത്തിയതായിരുന്നു അവര്‍.
എന്നാല്‍ കുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡോക്ടര്‍മാര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുത്രിയിലേക്ക് നിര്‍ദേശിച്ചു. കുഞ്ഞിനെയുംകൊണ്ട് പോകാന്‍ പണമില്ലാത്തതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ മകനെയും കെട്ടിപ്പിടിച്ച് വേദനയോടെ കഴിയുകയായിരുന്നു അവര്‍.
അവരുടെ ദൈന്യാവസ്ഥ മനസ്സിലാക്കിയ റസാഖ് കൈയില്‍ ആകെയുണ്ടായിരുന്ന 5000 രൂപ അവര്‍ക്കു നല്കി ആശ്വസിപ്പിക്കുകയായിരുന്നു.പണം തിരിച്ചുതരേണ്ടതില്ലെന്നും കുട്ടിയെ ഉടന്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകണമെന്നും റസാഖ് കുടുംബത്തോട് പറഞ്ഞു.
റസാഖിന്റെ മനസ്സിലെ നന്മ ആ കുടുംബത്തെ ശരിക്കും ഞെട്ടിച്ചു. റസാഖ് തങ്ങള്‍ക്ക് മുന്നിലേക്ക് നീട്ടിയ ആ പണത്തിന് ഒരു ജീവന്റെ വിലയുണ്ടെന്ന് ആ കുടുംബം പറഞ്ഞു.