കോഴിക്കോട്; അനുജന്റെ പിറന്നാള്‍ ആഘോഷത്തിനായി ബീച്ചിലെത്തിയ പെണ്‍കുട്ടി തിരമാലയില്‍പെട്ട് പരുക്കേറ്റതിനെ തുടര്‍ന്ന് മരിച്ചു. മണിയൂര്‍ മുതുവന സ്വദേശിനി സനോമിയ (11) ആണ് മരിച്ചത്. കോഴിക്കോട് കൊളാവിപാലത്ത് മിനിഗോവ എന്നറിയപ്പെടുന്ന ബീച്ചിലാണ് അപകടമുണ്ടായത്.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. കുടുംബത്തോടൊപ്പമാണ് സനോമിയ ബീച്ചിലെത്തിയത്. അമ്മയോടൊപ്പം നില്ക്കുമ്പോള് അബദ്ധത്തില്‍ വീഴുകയും ആഞ്ഞടിച്ചെത്തിയ തിരമാലയില്പെടുകയുമായിരുന്നു. ബഹളം കേട്ട് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ ലാലുവും മുഹമ്മദും ചേര്‍ന്നാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
തുടര്‍ന്ന് കുട്ടിയെ ഉടന്‍ രക്ഷപ്പെടുത്തി വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. മിനിഗോവയായി വിശേഷിപ്പിക്കുന്ന ഈ പ്രദേശത്ത് നിരവധി പേരാണ് വിനോദസഞ്ചാരത്തിനായി എത്തുന്നത്.