തിരുവനന്തുരം: കേരളത്തില്‍ മഴ തുടരുന്നു. ഇന്നും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, തൃശ്ശൂര്‍ ജില്ലകള്‍ ഒഴികെയുള്ള ബാക്കി പത്തു ജില്ലയിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിപ്പ്.
തിങ്കള്‍, ചൊവ്വ ബുധന്‍ ദിവസങ്ങളില്‍ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലളിലാണ് ഓറഞ്ച് അലര്‍ട്ട് നിലവുള്ളത്. ചൊവ്വ ബുധന്‍ ദിവസങ്ങളിലും ഈ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലവിലുണ്ട്.
തിരുവനന്തപുരം പാലക്കാട്, മലപ്പുറം കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നിലവിലുണ്ട്. എന്നാല്‍ മുന്നറിയിപ്പു നിലനില്‍ക്കുമ്പോഴും ഇന്നലെത്തെ അപേക്ഷിച്ച് തെക്കന്‍ കേരളത്തില്‍ മഴയുടെ അളവ് കുറഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ കാര്യമായ മഴപെയ്തിട്ടില്ല. മലയോരമേഖലകളിലും അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിലും ഇടവിട്ട് മഴ പെയ്യുന്നുണ്ട്.
വെളിയാഴ്ച രാത്രി മുതല്‍ ശനിയാഴ്ച രാവിലെ വരെ ശക്തമായ മഴയായിരുന്നു സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലാണ് കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ച പ്രദേശം. ഈ മാസം രേഖപ്പടുത്തിയ ശക്തമായ മഴയാണ് പത്തനംതിട്ട കോന്നിയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പെയ്തിരുന്ന മഴയില്‍ സംസ്ഥാനത്തെ നദികളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.