ടോവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുടങ്ങി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ഡി കാറ്റഗറിയില്‍ ഷൂട്ടിങ് അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ വാദം.
ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് തടഞ്ഞത്. തൊടുപുഴ കുമാരമംഗലം പഞ്ചായത്തിലായിരുന്നു സിനിമയുടെ ഷൂട്ടിംങ് നടന്നത്.
ഷൂട്ടിങ്ങിന് കലക്ടറുടെ പ്രത്യേക അനുമതിയുണ്ടെന്ന് പറഞ്ഞാണ് അണിയറ പ്രവര്‍ത്തകര്‍ ഷൂട്ടിങ് തുടങ്ങിയത്. എന്നാല്‍ അനുമതിയില്ലാതെയാണ് ഷൂട്ടിങ് എന്ന് കലക്ടറും പഞ്ചായത്ത് മെമ്പറും വ്യക്തമാക്കി. പ്രത്യേക അനുമതിയുണ്ടെന്നാണ് പോലീസ് മാധ്യമങ്ങളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്.
ഈ പ്രദേശത്ത് കാലൊടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ കണ്ടയ്മെന്റ് സോണില്‍ വാഹനമോടിച്ചുവെന്ന് പറഞ്ഞ് പോലീസ് പിഴ ഈടാക്കിയിരുന്നു. ഇവര്‍ ലൈസന്‍സ് തിരിച്ചുവാങ്ങാന്‍ സി.ഐയെ കാണാനെത്തിയപ്പോഴാണ് പോലീസ് അകമ്പടിയില്‍ ഷൂട്ടിങ് നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ഇതോടെ സംഭവത്തില്‍ നാട്ടുകാര്‍ ഇടപെട്ടു. ഷൂട്ടിംങ് നടത്തുന്നതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തു. രംഗം വഷളായതോടെ ഷൂട്ടിങ് നിര്‍ത്തിവെക്കാന്‍ പോലീസ് നിര്‍ദേശിക്കുകയായിരുന്നു.
അനുമതിയില്ലാതെ ഡി കാറ്റഗറിയില്‍ ഷൂട്ടിങ് നടത്തിയതിന് അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസിന് കേസും എടുക്കേണ്ടി വന്നു.