ഇരിങ്ങാലക്കുട: ഉപജീവനത്തിനായി കോഴിക്കുഞ്ഞുങ്ങളെ വീട്ടിലെത്തിച്ചു നല്കി കൊവിഡ് മൂലം ജീവിതം വഴിമുട്ടിയ ഭിന്നശേഷിക്കാരന് താങ്ങായി ജനമൈത്രി പോലീസ്. കാലുകള്‍ക്ക് സ്വാധീനമില്ലാതെ ജീവിതം വീല്‍ചെയറിലായ പോത്താനി സ്വദേശി നെല്ലിപറമ്പില്‍ പ്രജോബിനാണു കാട്ടൂര്‍ ജനമൈത്രി പോലീസ് ഉപജീവനത്തിനായി കോഴിക്കുഞ്ഞുങ്ങളെ വീട്ടിലെത്തിച്ചു നല്കി മാതൃകയായി മാറിയത്.
കോഴി വളര്‍ത്താന്‍ ആഗ്രഹിച്ച പ്രജോബ് വായ്പയായി ലഭിച്ച തുക ഉപയോഗിച്ച് കോഴിക്കൂട് നിര്‍മ്മിച്ചെങ്കിലും കോഴിക്കുഞ്ഞുങ്ങളെ വാങ്ങാന്‍ പണം തികഞ്ഞിരുന്നില്ല. സുഹൃത്തിന്റെ ശബ്ദ സന്ദേശത്തിലൂടെ പ്രജോബിന്റെ വിവരം അറിഞ്ഞ പോലീസ് വിവരങ്ങള്‍ തിരക്കാന്‍ പ്രജോബിന്റെ വീട്ടിലെത്തിയപ്പോള്‍, 30 വയസ്സായ മകനെ ഒരു കൈക്കുഞ്ഞിനെ പോലെ കട്ടിലില്‍ നിന്ന് എടുത്ത് വീല്‍ ചെയറിലിരുത്തുന്ന അമ്മ വത്സയെ ആണ് കണ്ടത്.
തുടര്‍ന്നാണ് പ്രജോബിന്റെ ചെറിയ ആവശ്യം നിറവേറ്റാന്‍ പോലീസുകാര്‍ മുന്നിട്ടിറങ്ങിയത്. തുടര്‍ന്ന് ഇന്നലെ 24 കോഴിക്കുഞ്ഞുങ്ങളെ വീട്ടിലെത്തിച്ചു. ആവശ്യം അറിയിച്ചപ്പോള്‍ കോഴിക്കുഞ്ഞുങ്ങളെ കച്ചവടക്കാരന് സൗജന്യമായിട്ടാണ് നല്‍കിയത്.
പ്രജോബും അമ്മയും മാത്രമാണു വീട്ടിലുള്ളത്. അച്ഛന് കരള്‍ രോഗം ബാധിച്ച് 4 മാസം മുന്‍പ് മരിച്ചു. സഹോദരി വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലാണ്. കൊവിഡിന് മുന്‍പ് ഇലക്ട്രിക് വീല്‍ചെയറില്‍ ലോട്ടറി വിറ്റാണ് പ്രജോബ് ഉപജീവനത്തിന് വഴി കണ്ടെത്തിയിരുന്നത്. എന്നാല്‍ കൊവിഡ് ആ വഴിയും അടച്ചു. ഇതോടെയാണ് മറ്റ് മാര്‍ഗങ്ങള്‍ തേടിയിറങ്ങിയത്.