തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടതു-വലതു മുന്നണികളെ കടന്നാക്രമിച്ച് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. തൃശ്ശൂരിലെ ശക്തന് മാര്‍ക്കറ്റിലെ അവസ്ഥ വിവരിച്ചുകൊണ്ടായിരുന്നു സരേഷ് ഗോപിയുടെ വിമര്‍ശനം.
വലിയ അപകട സാഹചര്യത്തിലാണു മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനമെന്ന് സുരേഷ് ഗോപി പറഞ്ഞു.
‘എന്നെ ജയിപ്പിച്ച് എംഎല്‍എ ആക്കിയാല്‍ ആ ഫണ്ടില്‍നിന്നും ഒരു കോടി എടുത്ത് ഞാന്‍ മാര്‍ക്കറ്റ് നവീകരിച്ച് കാണിച്ചുതരാം. ബീഫ് വില്‍ക്കുന്ന കടയില്‍ പോയിവരെ ഞാന്‍ പറഞ്ഞു. ഇത്രനാളും ഭരിച്ചവന്മാരെ നാണം കെടുത്തും. അങ്ങനെ ഞാന്‍ പറയണമെങ്കില്‍ എനിക്ക് അതിനുള്ള നട്ടെല്ലുറപ്പ് ഉണ്ട് എന്ന് മനസ്സിലാക്കണം’- സുരേഷ് ഗോപി പറയുന്നു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പ്രസംഗത്തിന്റെ വീഡിയോ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ‘ആര് മനസ്സിലാക്കണം? നേരത്തെ പറഞ്ഞ ഈ അപമാനികള്‍ മനസ്സിലാക്കണം. ഇനി നിങ്ങള്‍ എന്നെ തോല്‍പ്പിക്കുകയാണെങ്കില്‍, എങ്കിലും ഞാന്‍ എംപിയാണ്. കോവിഡ് കാലം കഴിഞ്ഞ് ഫണ്ട് വരുമ്പോള്‍ എനിക്ക് 12 കോടി കിട്ടാനുണ്ട്.
അതില്‍നിന്നും ഒരുകോടി എടുത്ത് ഞാനിത് ചെയ്യും. അതും പറ്റിയില്ലെങ്കില്‍ ഞാന്‍ എന്റെ കുടുംബത്തില്‍നിന്നും ഒരുകോടി എടുത്ത് ചെയ്യും. ടൈഗര്‍ സിനിമയില്‍ എന്റെ ഡയലോഗുണ്ട്. ഞാന്‍ വെറും ഇതാണെന്ന് കരുതിയോ? വെല്ലുവിളിക്കുന്നു. ഞാന്‍ ചെയ്യുമെന്ന് പറഞ്ഞതില്‍ നിനക്ക് അസൂയ ഉണ്ടെങ്കില്‍ നിന്നെയൊക്കെ ഈ നാട്ടുകാര്‍ കൈകാര്യം ചെയ്യും. അത് ഏപ്രില്‍ 6ന് അവര്‍ ചെയ്യും.’- സുരേഷ് ഗോപി പറഞ്ഞു.