ഷുഹൈബ് അക്തറിനും കെവിന് പീറ്റേഴ്സണിനും പിന്നാലെ കോഹ്ലിയെ അഭിനന്ദിച്ച് സ്റ്റീവ് വോയും. ക്യാപ്റ്റനായി ഏറ്റവും അധികം ടെസ്റ്റ് സെഞ്ചുറിയെന്ന നേട്ടത്തില്‍ ഓസ്ട്രേലിയന്‍ ഇതിഹാസം അലന് ബോര്‍ഡറിനും സ്റ്റീവ് വോയ്ക്കും റിക്കി പോണ്ടിങ്ങിനും ഒപ്പം കോഹ്ലി എത്തിയിരുന്നു.
കോഹ്ലി ഗ്ലോബല്‍ സൂപ്പര്‍ സ്റ്റാര്‍ ആണെന്നും ലോക ക്രിക്കറ്റിലെ എല്ലാ റെക്കോര്‍ഡുകളും കോഹ്ലി തകര്‍ക്കുമെന്നുമാണ് ഓസ്ട്രേലിയന്‍ ഇതിഹാസം സ്റ്റീവ് വോ പറഞ്ഞിരിക്കുന്നത്.
എഡ്ജ്ബാസ്റ്റണിലെ ആദ്യ ടെസ്റ്റ് വിജയത്തിന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയിലാണ് രാജ്യം പ്രതീക്ഷയര്‍പ്പിക്കുന്നത്. ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലെ കോഹ്ലിയുടെ ഒറ്റയാള്‍ പോരാട്ടം രണ്ടാം ഇന്നിങ്സിലും തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് വിജയം സുനിശ്ചിതമാണ്.
ഇംഗ്ലണ്ട് മണ്ണില്‍ ആദ്യമായൊരു ടെസ്റ്റ് സെഞ്ചുറിയെന്ന ചരിത്ര നേട്ടമാണ് കോഹ്ലി എഡ്ജ്ബാസ്റ്റണില് നേടിയത്. കരിയറിലെ 22-ാം സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കോഹ്ലി നേടിയത്. 149 റണ്‍സുമായി പത്താമനായാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മടങ്ങിയത്.
ഇംഗ്ലണ്ടിനെതിരെ ആയിരം റണ്‍സ് ടെസ്റ്റില്‍ തികയ്ക്കുന്ന 13-ാമത്തെ ബാറ്റ്സ്മാന് എന്ന ഖ്യാതിക്കും കോഹ്ലി പാത്രമായി. വ്യക്തിഗത സ്കോര്‍ 22 ല്‍ എത്തിയപ്പോഴാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. 172 പന്തില്‍ നിന്നാണ് വിരാട് കോഹ്ലി സെഞ്ചുറി തികച്ചത്.
ഒരറ്റത്ത് വിക്കറ്റുകള്‍ നിലംപ്പെത്തിയപ്പോള് ലീഡ് വഴങ്ങാതിരിക്കാന്‍ സ്കോറിങ് വേഗം കൂട്ടിയ കോഹ്ലി, ആദില്‍ റഷീദിന്റെ പന്തില്‍ ബ്രോഡിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. അപ്പോഴേക്കും 225 പന്തില്‍ 149 റണ്‍സ് അദ്ദേഹം നേടിയിരുന്നു. അതില്‍ 22 ഫോറുകളും ഒരു സിക്സും ആ ബാറ്റില്‍ നിന്ന് പിറന്നു.