സദ്യയ്ക്കും അല്ലാതെയും മലയാളികളുടെ ഭക്ഷണത്തിലെ പ്രധാന വിഭവമാണ് പച്ചടി. ഒരുവിധം എല്ലാ പച്ചക്കറികള്‍ കൊണ്ടും പച്ചടി തയ്യാറാക്കി നാം രുചിച്ചു കാണും. എന്നാല്‍ ആപ്പിള്‍ കാപ്സിക്കം കോമ്പിനേഷനില്‍ ഒരു പച്ചടി നിങ്ങള്‍ കഴിച്ചിട്ടുണ്ടോ? അല്പം മധുരവും എരിവും കലര്‍ന്ന ഈ പച്ചടി നിങ്ങള്‍ക്ക് എല്ലാവര്ക്കും ഇഷ്ടമാകുമെന്നതില്‍ ഒരു സംശയവും വേണ്ട. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
ആപ്പിള്‍ നുറുക്കിയത് – ഒരു കപ്പ്
കാപ്സികം അരിഞ്ഞത് – കാല് കപ്പ്
തേങ്ങ – അര കപ്പ്
തൈര് – ഒന്നര കപ്പ്
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – ചെറിയ കഷണം
കടുക് – അര ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
താളിക്കാന്‍
വെളിച്ചെണ്ണ – 2 ടീസ്പൂണ്‍
ഉലുവ – 2 എണ്ണം
കറിവേപ്പില – 2 തണ്ട്
തയ്യാറാക്കുന്ന വിധം
ആദ്യപടിയായി ആപ്പിള്‍ പൊടിയായി അരിഞ്ഞ് പച്ചവെള്ളത്തിലിട്ട് വെള്ളം ഊറ്റി മാറ്റിവെയ്ക്കുക. തേങ്ങ, തൈര്, പച്ചമുളക്, ഇഞ്ചി എന്നിവ മിക്സിയില്‍ അരച്ചെടുക്കുക. ഇതിലേക്ക് ആപ്പിള്‍, കാപ്സിക്കം, കടുക്, ഉപ്പ് എന്നിവ ചേര്‍ക്കുക. വെളിച്ചെണ്ണ ചൂടാക്കി ഉണക്കമുളക്, ഉലുവ, കറിവേപ്പില എന്നിവ താളിച്ച് കൂട്ടില്‍ ചേര്‍ത്തിളക്കുക. ശേഷം നന്നായി അടച്ച് വെക്കുക. ചൂട് ആറിയതിനു ശേഷം ഊണിനൊപ്പം വിളമ്പാം.