തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശവുമായി എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. സിപിഎം വരയ്ക്കുന്ന വരയില്‍ നില്‍ക്കാനും സിപിഎം വിരിച്ച വലയില്‍ അകപ്പെടാനും കേരളത്തിലെ പ്രബുദ്ധ ജനാധിപത്യ സമൂഹം വിഡ്ഢികളല്ലെന്ന് വിഷ്ണുനാഥ് പറഞ്ഞു.
ബിജെപിക്ക് വളരാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു എന്ന ചരിത്രപരമായ വിഡ്ഢിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പിണറായി വിജയന് കഴിയില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം-
ചരിത്രം നിങ്ങളെ കുറ്റക്കാരെന്ന് വിധിക്കും
ശബരിമല സംഘര്‍ഷഭൂമിയാവുമ്പോള്‍, വിവാദ കേന്ദ്രമാവുമ്പോള്‍ മനസ്സ് വേദനിക്കുന്നവരാണ് കേരളത്തിലെ വിശ്വാസി സമൂഹം.
അവര്‍ക്കൊപ്പമാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനം നിലയുറപ്പിച്ചിട്ടുള്ളത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എടുത്ത നിലപാട് വിശ്വാസി സമൂഹത്തിന്റെ വികാരത്തിനൊപ്പമുള്ള നിലപാടായിരുന്നു. പുണ്യപൂങ്കാവനത്തെ കലാപഭൂമിയാക്കി മാറ്റരുതെന്നതായിരുന്നു.
എന്നാല്‍ വിശ്വാസി സമൂഹത്തിന്റെ മൊത്തക്കച്ചവടക്കാരായ് രംഗത്തെത്തിയ ബി ജെ പിയും സംഘ്പരിവാര്‍ സംഘടനകളും അവരുടെ തനിനിറം വെളിപ്പെടുത്തിയിരിക്കയാണ്, പി എസ് ശ്രീധരന്‍പിള്ളയുടെ വിവാദ പ്രസംഗത്തിലൂടെ. ഭക്തര്‍ക്ക് ഒപ്പം നിലയുറപ്പിക്കുന്നു എന്ന് വരുത്തി തങ്ങളുടെ സങ്കുചിത താത്പര്യം അവര്‍ വെളിപ്പെടുത്തി കഴിഞ്ഞു. ”നമ്മള് ഒരു അജണ്ട മുന്നോട്ടുവച്ചു. ആ അജണ്ടക്ക് പിന്നില്‍ ഓരോരുത്തരായി അടിയറവ് പറഞ്ഞു കൊണ്ട് രംഗം കാലിയാക്കുമ്പോള്‍ അവസാനം അവശേഷിക്കുന്നത് നമ്മളും നമ്മുടെ എതിരാളികളായ ഇന്നത്തെ ഭരണകൂടവും അവരുടെ പാര്‍ട്ടികളുമാണ്” ഈ ഒറ്റ തുറന്നു പറച്ചിലിലുണ്ട്, ബി ജെ പിയും സി പി എമ്മും മാത്രമായി അവശേഷിക്കുന്ന രാഷ്ട്രീയ കേരളത്തെക്കുറിച്ചുള്ള അവരുടെ ഗൂഢാലോചനയും സ്വപ്നവും.ബി ജെ പിക്ക് തഴച്ചുവളരാനുള്ള മണ്ണ് ഒരുക്കി കൊടുത്തെന്ന ചരിത്രപരമായ വിഡ്ഢിത്തത്തില്‍ നിന്ന് പിണറായി വിജയന് ഒരിക്കലും കൈകഴുകാനാവില്ല. മുഖ്യമന്ത്രിയെന്ന നിലയില്‍ സമവായത്തിന്റെ പാത സ്വീകരിക്കാതെ, സംഘര്‍ഷവും പ്രകോപനവും നിരന്തരം സൃഷ്ടിച്ച് തീവ്ര ആശയക്കാരായ എതിരാളികളെ വളര്‍ത്തുക; അതുവഴി സമാധാന കാംക്ഷികളായ കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്ന അജണ്ടയാണ് ശബരിമലയില്‍ വെളിവായത്.
പക്ഷെ യഥാര്‍ത്ഥ ഈശ്വര വിശ്വാസികള്‍ ബി ജെ പിയുടെയും സി പി എമ്മിന്റെയും തനിസ്വരൂപം ഇപ്പോള്‍ തിരിച്ചറിയുന്നു; നിങ്ങള്‍ വരച്ച വരയില്‍ നില്‍ക്കാനും നിങ്ങള്‍ വിരിച്ച വലയില്‍ അകപ്പെടാനും കേരളത്തിലെ പ്രബുദ്ധ ജനാധിപത്യസമൂഹം അത്രമാത്രം വിഡ്ഢികളല്ലെന്ന് ഓര്‍ക്കണം. പകല്ക്കിനാവിലെ എല്ലാ കണക്കുകൂട്ടലുകള്‍ക്കും വിരാമമിട്ട്, കേരളത്തിലെ സൈ്വര്യജീവിതത്തിന് വിഘ്നം വരുത്താതെ മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ഇരുപാര്‍ട്ടി നേതൃത്വവും തയ്യാറാവണം. മറിച്ചെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് മാത്രമല്ല ചരിത്രം നിങ്ങളെ കുറ്റക്കാരെന്ന് വിധിക്കുകയും ചെയ്യും.