ഈ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരമാരെന്ന് കണ്ടെത്തുന്നതിനുളള അന്തിമപട്ടിക ഫിഫ പുറത്തുവിട്ടു. ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയും ലയണല്‍ മെസ്സിയും ഇടംപിടിച്ച പട്ടികയില്‍ പക്ഷെ ബ്രസീലിയന്‍ താരം നെയ്മറില്ല. എന്നാല്‍ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷവും ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുളള അവാര്‍ഡ് നേടിയത് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയാണ്. റയലിന്റെ ചാംപ്യന്‍സ് ലീഗ് കിരീട നേട്ടം താരത്തിന് ഇക്കുറിയും പ്രതീക്ഷയാണ്. അതേസമയം ബാഴ്സയെ ലാലിഗ, കോപ ഡെല്‍ റേ വിജയങ്ങളിലേക്ക് നയിച്ച മെസ്സിയും ഒട്ടും പിന്നിലല്ല.
കഴിഞ്ഞ വര്‍ഷം ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്ന നെയ്മറിന് ഇത്തവണ പട്ടികയില്‍ ഇടംപിടിക്കാനാകാത്തത് ശ്രദ്ധേയമായി. പരിക്കിനെ തുടര്‍ന്ന് പുറത്തിരിക്കേണ്ടി വന്നതും ബ്രസീല്‍ ക്വാര്‍ട്ടറില്‍ ലോകകപ്പില്‍ നിന്ന് പുറത്തായതും താരത്തിന് തിരിച്ചടിയായി.
ഫ്രാന്‍സിന്റെ മുന്നേറ്റ താരങ്ങളായ അന്റോണിയോ ഗ്രീസ്മെന്, കിലിയന്‍ എംബാപെ എന്നിവര്‍ പട്ടികയിലുണ്ട്. അത്ലറ്റികോ മാഡ്രിഡിനെ യൂറോപ്പ ലീഗ് കിരീട നേട്ടത്തിലേക്ക് നയിച്ചതും ഫ്രാന്‍സിന്റെ ലോകകപ്പ് വിജയവും താരത്തിന് മേല്‍ക്കൈ നല്കുന്നു. ലോകകപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് ക്രൊയേഷ്യയെ എത്തിക്കുകയും ഗോള്‍ഡന്‍ ബോള്‍ നേടുകയും ചെയ്ത ലൂക്ക മോഡ്രിച്ച് പട്ടികയില്‍ മറ്റ് താരങ്ങള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തും.