ഇരുപത്തിരണ്ടാമത്തെ വയസില്‍ ചലച്ചിത്ര രംഗത്തോടൊപ്പം മറ്റു മേഖലകളും പുഷ്പം പോലെ കൈകാര്യം ചെയ്ത താന്‍ അല്ലേ സിനിമയിലെ ആദ്യ ന്യൂജെന്‍ എന്ന അവകാശവാദവുമായി ബാലചന്ദ്ര മേനോന്. വാണിജ്യ സിനിമകളിലെ പുതിയ പ്രവണതകള്‍ തന്നെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാലചന്ദ്രമേനോന്റെ ആദ്യ സിനിമയായ ഉത്രാടരാത്രിയുടെ 40 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കുന്ന പുതിയ സിനിമ ‘എന്നാലും ശരത്’ എന്ന ചിത്രത്തെക്കുറിച്ചു കൊല്ലം പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹമാധ്യമങ്ങളുടെ പ്രസക്തി തിരിച്ചറിഞ്ഞില്ല എന്നതാണ് പരാജയം. സമൂഹമാധ്യമങ്ങളുടെ കടന്നുകയറ്റത്തോടെ പിള്ളേരുടെ പിറകെ ഓടിയാലെ സിനിമ വിജയിക്കൂവെന്ന സ്ഥിതിയാണ്. അതു തികച്ചും ഉള്‍ക്കൊണ്ടാണ് പുതിയ സിനിമ ഒരുക്കിയിരിക്കുന്നത്. എന്നാലും ന്യൂജെന്‍ സിനിമകളിലെ എല്ലാ കുഴപ്പങ്ങളേയും ഇപ്പോഴും വിമര്‍ശിക്കുമെന്നു പറഞ്ഞ അദ്ദേഹം 27ന് റിലീസ് ചെയ്യുന്ന പുതിയ സിനിമയിലും പുതുമുഖങ്ങളെ അണിനിരത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി. മുന്‍ സിനിമകള്‍ വിജയിപ്പിച്ച കുടുംബപ്രേക്ഷകര്‍ തന്നെയാണ് തന്റെ കരുത്തെന്നും പത്രപ്രവര്‍ത്തനമാണു തന്റെ അടിത്തറ രൂപപ്പെടുത്തിയതെന്നും ബാലചന്ദ്രമേനോന് പറഞ്ഞു.
‘അമ്മ’യേയും ദിലീപിനേയും സംബന്ധിച്ച വിവാദങ്ങള്‍ക്കു മറുപടി പറയാനില്ലെന്നും ‘അമ്മ’യെ രാഷ്ട്രീയ നിലപാടെടുക്കുന്ന വേദിയാക്കിമാറ്റാന്‍ നടത്തുന്ന നീക്കം അനുചിതമാണെന്നും ആ വിഷയം നിയമത്തിനു മുന്നിലുള്ളതാണെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. കലാസമൂഹം തനിക്കു തന്ന നിസീമമായ പിന്തുണയാണു സിനിമയുടെ മിക്ക മേഖലകളിലും വെന്നിക്കൊടി പാറിയ്ക്കാന്‍ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.