ന്യൂഡല്‍ഹി: 2014-15 സാമ്പത്തിക വര്‍ഷത്തില്‍ പാര്‍ട്ടിക്ക് ലഭിച്ച സംഭാവനകളെ കുറിച്ച് സമര്‍പ്പിച്ച കണക്കുകളില്‍ വൈരുദ്ധ്യമുണ്ടെന്നും അവ വിശദീകരിക്കണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. വിശദീകരണം ഇരുപതു ദിവസത്തിനുള്ളില്‍ നല്‍കണമെന്നും ഇതില്‍ വീഴ്ച വരുത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. 2018 ജനുവരി അഞ്ചിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഹവാല ഇടപാടുകാരില്‍നിന്ന് രണ്ടുകോടിയോളം രൂപ പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിനെ സ്വന്തം ഇഷ്ടപ്രകാരം നല്കിയ സംഭാവനകള്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച നോട്ടീസില്‍ പറയുന്നു. 13.16 കോടി രൂപ പാര്‍ട്ടി കണക്കില്പെടുത്തിയിട്ടില്ലെന്നും കൂടാതെ പാര്‍ട്ടി സുതാര്യതാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും സംഭാവനയെ കുറിച്ച് ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ശരിയല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസില്‍ സൂചിപ്പിച്ചിട്ടുണ്ട്.
സിബിഡിടി റിപ്പോര്‍ട്ടില്‍ പറയുന്നത് സംഭാവനയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പാര്‍ട്ടി തിരുത്തല്‍ വരുത്തിയിട്ടുണ്ടെന്നാണ്.