ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലെ ധോണിയുടെ പ്രകടനത്തില്‍ നിരാശരായി ആരാധകര്‍ കൂവിയത് ശരിയായില്ലെന്ന് സൗരവ് ഗാംഗുലി. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ എംഎസ് ധോണിയുടെ ഏകദിന പ്രകടനത്തില്‍ നിരാശയിലാണ് ഇന്ത്യന്‍ ആരാധകര്‍.
രണ്ടാം ഏകദിനത്തില്‍ 37 ബോളില്‍നിന്നും 59 റണ്‍സും മൂന്നാം ഏകദിനത്തില്‍ 66 പന്തില്‍നിന്നും 42 റണ്‍സുമായിരുന്നു ധോണിയുടെ സമ്പാദ്യം. ഈ രണ്ടു മല്‍സരങ്ങളും തോറ്റ ഇന്ത്യയ്ക്ക് പരമ്പരയും നഷ്ടമായിരുന്നു.
രണ്ടാം ഏകദിനത്തില്‍ ധോണിയുടെ മെല്ലപ്പോക്ക് കണ്ട് ഇന്ത്യന്‍ ആരാധകര്‍ നിരാശയോടെയാണ് ഗ്യാലറിയില്‍ ഇരുന്നത്. ബാറ്റിങ്ങിനായി ക്രീസിലേക്ക് എത്തിയ ധോണിയെ നിറഞ്ഞ കൈയ്യടിയോടെയാണ് അവര്‍ എതിരേറ്റത്. എന്നാല്‍ വിക്കറ്റ് നല്കി ധോണി മടങ്ങിയപ്പോള്‍ കൂകി വിളിച്ചാണ് അവര്‍ യാത്രയാക്കിയത്.
മൂന്നാം ഏകദിനത്തിലും ധോണിയെ നോക്കി കാണികള്‍ കൂകി വിളിച്ചിരുന്നു. എന്നാല്‍ ക്രിക്കറ്റ് പ്രേമികള്‍ അങ്ങനെ ഒരിക്കലും ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി. ഇന്ത്യ ടിവിയോട് സംസാരിക്കുമ്പോഴായിരുന്നു ഗാംഗുലിയുടെ അഭ്യര്‍ത്ഥന.
ധോണി മികച്ച കളിക്കാരനാണ്, അദ്ദേഹത്തെ നോക്കി ജനങ്ങള്‍ കൂവരുത്. ധോണിയെപ്പോലെ നല്ലൊരു വിക്കറ്റ് കീപ്പറെയും ബാറ്റ്സ്മാനെയും ഇന്ത്യയ്ക്ക് ഇനി കിട്ടുമോ എന്നറിയില്ല. അങ്ങനെ കിട്ടിയാല്‍ തന്നെ അതിന് ഇനിയും കാലങ്ങള്‍ കാത്തിരിക്കണം. ബാറ്റിങ്ങില്‍ ബുദ്ധിമുട്ട് നേരിടുന്ന ധോണിക്ക് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ കഴിയുന്നില്ല. ധോണി സ്വന്തമായ ശൈലിയില്‍ കളിക്കുക, അതാണ് അദ്ദേഹത്തിന് നല്ലത്, ഗാംഗുലി പറഞ്ഞു.
ചെറുപ്പത്തില്‍തന്നെ ക്രിക്കറ്റിലേക്ക് എത്തിയ ധോണി നിരവധി സിക്സറുകള്‍ ഉയര്‍ത്തി. അദ്ദേഹം അത് തുടര്‍ന്നു കൊണ്ടേയിരുന്നു. ചിലപ്പോഴൊക്കെ ധോണിക്ക് പഴയതുപോലെ കളിക്കാന്‍ സാധിക്കുമോയെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാകും.
പക്ഷേ അദ്ദേഹം അങ്ങനെ കളിക്കുന്നതിനു മുന്‍പ് നിങ്ങള്‍ക്ക് അയാളുടെ കളിയെ സംശയിക്കാനാവില്ല. സിക്സറുകള്‍ ഉയര്‍ത്തി കളിച്ചാല്‍ മാത്രമേ അയാള്‍ക്ക് സിംഗിള്‍ എടുക്കുന്നതിനുളള ആത്മവിശ്വാസം കിട്ടൂ
ടി ട്വന്റിയില്‍ നിങ്ങള്‍ക്ക് അടിച്ച് കളിക്കാനാവും. അവിടെ ധോണി മികച്ച രീതിയില്‍ കളിക്കുന്നുണ്ട്. അതുതന്നെയാണ് ധോണി ഏകദിനത്തിലും അനുകരിക്കേണ്ടത്. 2005 ല്‍ ധോണി ക്രിക്കറ്റിലേക്ക് വരുന്ന സമയത്ത് കൂറ്റന്‍ സിക്സറുകള്‍ പറത്താറുണ്ട്.
പാക്കിസ്ഥാനില്‍ പോയപ്പോള്‍ അവിടെയും ധോണി സിക്സറുകള്‍ ഉയര്‍ത്തി. അതുപോലെ ഇപ്പോഴും ധോണിക്ക് ബാറ്റ് ചെയ്യാന്‍ കഴിയും. ടീം മാനേജ്മെന്റ് ധോണിക്കൊപ്പം ഇരുന്ന് അദ്ദേഹത്തിന് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കണം.
നിങ്ങള്‍ ആറാമതായിട്ടാണ് കളിക്കുന്നതെന്നും അങ്ങനെ നിങ്ങള്‍ക്ക് ചാന്‍സ് കിട്ടി ക്രീസിലെത്തുമ്പോള്‍ ആക്രമിച്ച് കളിക്കണമെന്നും പറഞ്ഞു കൊടുക്കണം, ഗാംഗുലി പറഞ്ഞു.