വേറിട്ട ചിന്തകള്‍ കൊണ്ടും വേറിട്ട കണ്ടുപിടിത്തങ്ങള്‍ കൊണ്ടും എന്നും ജപ്പാന്‍കാര്‍ മറ്റു രാജ്യങ്ങളെ വിസ്മയിപ്പിക്കാറുണ്ട്. സാങ്കേതിക വിദ്യ മുതല്‍ ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെയും ജപ്പാന്‍കാര്‍ വിസ്മയിപ്പിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഐസ് കൊണ്ട് ഒരു റിസോര്‍ട്ട് മുഴുവനായും നിര്‍മ്മിച്ച് കൊണ്ടാണ് ജപ്പാന് ഞെട്ടിച്ചിരിക്കുന്നത്.
ജപ്പാനിലെ വടക്കന്‍ പ്രവശ്യയിലെ ഷിമുകാപ്പുവിലാണ് ഐസില്‍ പണി തീര്‍ത്ത ഹോഷിനോ റിസോര്ട്ടുളളത്. ഷിമുകാപ്പുവില് മൈനസ് 30 ഡിഗ്രിയാണ് അന്തരീക്ഷ താപനില. ജനുവരി ഫെബ്രുവരി മാസത്തില്‍ ശൈത്യകാലം ആരംഭിക്കുന്നത് മുതല്‍ ഫൈവ് സ്റ്റാര്‍ സൗകര്യമുള്ള റിസോര്‍ട്ടായി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിസോര്‍ട്ട് അധികൃതര്‍ പറഞ്ഞത്.
കിടക്കാന്‍ നല്കുന്ന കമ്പിളി സ്ലിപ്പിങ് ബാഗ് ഒഴിച്ച് മറ്റെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് ഐസ് കൊണ്ടാണ്. മഞ്ഞു മനുഷ്യര്‍ താമസിക്കുന്ന ഇഗ്ളൂവിന്റെ മാതൃകയിലാണ് മുറികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഐസ് സ്കേറ്റിങ്, തണുപ്പിച്ച പാനീയങ്ങള്‍ എന്നിവ ലഭിക്കുന്ന മഞ്ഞ് ഗ്രാമത്തിനോട് ചേര്‍ന്നാണ് ഈ റിസോര്‍ട്ട് പണിതിരിക്കുന്നത്.
റിസോര്‍ട്ടില്‍ ഐസില്‍ തീര്‍ത്ത പുസ്തക അലമാരയില്‍ പ്രധാനപ്പെട്ട പുസ്തകങ്ങള്‍ വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ കുട്ടികള്‍ക്ക് കളിക്കാനുള്ള പാര്‍ക്കും ഐസില്‍ പണി കഴിപ്പിച്ചിട്ടുണ്ട്