വാഷിങ്ടണ്‍: ഉപഭോക്തക്കള്‍ക്കിടയില്‍ തങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കാനുള്ള കഠിന പ്രയത്നത്തിലാണ് സക്കര്‍ബര്‍ഗും സംഘവും. ഈ ശ്രമത്തിന്റെ ഭാഗമായി സമൂഹമാധ്യമമായ ഫേസ്ബുക്കില്‍ പ്രണയം തുറന്ന് പറയാനുള്ള ഒരു അവസരം കൂടി ഒരുക്കുകയാണ് ഇപ്പോള്‍. ഇതിനായി ഫേസ്ബുക്കില്‍ സീക്രട്ട് ക്രഷസ് എന്ന പേരില്‍ ഒരു ഡേറ്റിങ് ഫീച്ചര്‍ ഉള്‍പ്പെടുത്തും. ടിന്റര്‍ പോലുള്ള ഡേറ്റിങ് ആപ്പുകളുടെ മാതൃകയിലായിരിക്കും പുതിയ ഫീച്ചര്‍.
സുഹൃത്തുക്കളോട് പ്രണയം തുറന്നുപറയാന്‍ മടിക്കുന്നവര്‍ക്ക് അവസരം ഒരുക്കുന്ന സീക്രട്ട് ക്രഷസ് ഫീച്ചര്‍ പതിനെട്ട് വയസിന് മുകളില്‍ ഉള്ളവര്‍ക്കായിരിക്കും ലഭ്യമാവുക. ഇതില്‍ പരസ്യങ്ങള്‍ ഉണ്ടാവില്ല. കൂടാതെ പണം നല്കി കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാവുന്ന സേവനവും ഇതില്‍ ഉണ്ടാവുമെന്നും ഫേസ്ബുക്ക് പറയുന്നു.
പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത് വഴി യുവാക്കള്‍ക്കിടയിലുള്ള സ്വീകാര്യത വര്‍ധിപ്പിക്കാനാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്. ഉപഭേക്താക്കള്‍ക്ക് തങ്ങളുടെ സ്വന്തം സുഹൃത്തുക്കളുടെ പട്ടികയില്‍ നിന്നും ഒന്‍പത് പേരോട് ഇഷ്ടം പ്രകടിപ്പിക്കാം. ഇക്കാര്യം ആ സുഹൃത്തുക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ ആയി ലഭിക്കുകയും അവര്‍ തിരിച്ചും ഇഷ്ടം പ്രകടിപ്പിച്ചാല്‍ അത് നോട്ടിഫിക്കേഷനായി നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും.