കുട്ടികളെ വായനയിലും പഠനത്തിലും സഹായിക്കുകയും ആത്മവിശ്വാസം പകരുകയും ചെയ്യുന്ന മൊബൈല്‍ ആപ്പുമായി ഗൂഗിള്‍ എത്തി. ബോലോ എന്ന ആപ്ലിക്കേഷനാണ് കുട്ടികള്‍ക്കായി ഗൂഗിള്‍ പുതുതായി അവതരിപ്പിച്ചത്. നിലവില്‍ രണ്ട് ഭാഷകളില്‍ മാത്രമാണ് ആപ്പ് ലഭിക്കുക. അധികം വൈകാതെ തന്നെ മറ്റ് ഭാഷകളിലേക്കും സേവനം വ്യാപിപ്പിക്കുമെന്ന് ഗൂഗിള്‍ പറയുന്നു.
ബോലോ ആപ്പിന്റെ ബീറ്റാ പതിപ്പാണ് ആദ്യം അവതരിപ്പിക്കുന്നത്. ശേഷം ഏസര്‍ സെന്ററുമായി (ASER center)
ഉത്തര്‍പ്രദേശിലെ 200 ല്‍ അധികം ഗ്രാമങ്ങളില്‍ നിന്നും 900 കുട്ടികളെ ലക്ഷ്യമിട്ട് പ്രഥമ പദ്ധതി നടപ്പിലാക്കും. കുട്ടികളിലെ വായനാ ശേഷി മെച്ചപ്പെടുത്തുകയും ആത്മവിശ്വാസം പകരുകയുമാണ് ഗൂഗിളിന്റെ ബോലോ ആപ്പിന്റെ ലക്ഷ്യം.
ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിലെ അഞ്ചാം ക്ലാസിലെത്തിയ വിദ്യാര്‍ത്ഥികളില്‍ പകുതിയോളം പേര്‍ക്ക് മാത്രമേ രണ്ടാം ക്ലാസ് തലത്തിലുള്ള ഒരു പാഠപുസ്തകം ആത്മവിശ്വാസത്തോടെ വായിക്കാന്‍ കഴിയുന്നുള്ളൂവെന്ന് ഏസര്‍ സെന്ററിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബോലോ ആപ്ലിക്കേഷനൊപ്പം കുട്ടികളെ വായനയില്‍ പ്രോത്സാഹിപ്പിക്കുകയും അവരുടെ കഴിവുകള്‍ തിരിച്ചറിയുകയും ചെയ്യുന്ന ദിയ എന്ന പേരില്‍ ഒരു വെര്‍ച്വല്‍ അസിസ്റ്റന്റിനേയും ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ ഇംഗ്ലീഷും, ഹിന്ദിയും വായിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് ആവശ്യമായ പിന്തുണ നല്‍കുകയും തെറ്റുകള്‍ തിരുത്തുകയും ചെയ്യും.
ശരിയായി വായിക്കുമ്പോള്‍ അഭിനന്ദിക്കുകയും ‘ശബാഷ്’ എന്നോ വെരി ഗുഡ് എന്നോ ് പ്രതികരിക്കുകയും ചെയ്യും. 40 ഇംഗ്ലീഷ് കഥകളും 50 ഹിന്ദി കഥകളും സ്റ്റോറ്റിവീവറുമായി സഹകരിച്ച് ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ ഉള്ളടക്കങ്ങള്‍ താമസിയാതെ ചേര്‍ക്കുമെന്ന് കമ്പനി പറഞ്ഞു.
ഒരേസമയം ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ആപ്പ് ഉപയോഗിക്കാം. പരസ്യങ്ങളൊന്നും ബോലോ ആപ്പില്‍ ഉണ്ടാവില്ല. ഓഫ്ലൈന് ആയും ആപ്പ് പ്രവര്‍ത്തിപ്പിക്കാം. ഗൂഗിളിന്റെ സ്പീച്ച് റെക്കഗ്നിഷന്‍, ടെക്സ്റ്റ് റ്റു സ്പീച്ച് സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചിരിക്കുന്ന ബോലോ ആപ്പ് തീര്‍ത്തും സൗജന്യമാണ്.