ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം നോക്കിയയുടെ കീഴിലുള്ള ഫ്രാന്‍സ് കേന്ദ്രമായ അല്‍ക്കാട്ടല്‍ പുതിയ സ്മാര്‍ട്ട് ഫോണുമായി തിരിച്ചെത്തുന്നു. ഒരു കാലത്ത് ചൈനീസ് ബ്രാന്‍ഡുകള്‍ അടക്കിഭരിച്ചിരുന്ന കമ്പനിയുടെ പുതിയ ഉല്‍പ്പന്നങ്ങളെക്കുറിച്ച് വര്‍ഷങ്ങളായി ഒരു വിവരവുമുണ്ടായിരുന്നില്ല. എന്നാല്‍ വൈകിയെത്തിയെങ്കിലും മൂന്ന് മോഡലുകളാണ് അല്കാട്ടല് പുതുതായി പുറത്തിറക്കാന്‍ ഒരുങ്ങുന്നത്.
അല്കാട്ടെല് 1എസ്, അല്കാട്ടെല് 3എല്‍, അല്കാട്ടെല് 3 എന്നിങ്ങനെയാണ് മോഡലുകള്‍. ബാഴ്സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് മൂന്ന് മോഡലുകളെയും പരിചയപ്പെടുത്തിയത്. അല്കാട്ടെല് 1എസില്‍ 3ജിബി റാം 32 ജിബി സ്റ്റോറേജാണുള്ളത്. 5.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 3,060 എംഎഎച്ച് ബാറ്ററി, ഡ്യുവല്‍ ക്യാമറ(13+2 എം.പി) 5 എംപി സെല്‍ഫി ക്യാമറ, ആര്‍ട്ടിഫിഷ്യല്‍ ബൊക്കെ ഇഫക്ട്, എഐ സീന്‍ ഡിറ്റക്ഷന്‍ എന്നിവയാണ് ഫോണിലെ മറ്റ് പ്രത്യേകതകള്‍.
സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍, 2ജിബി റാം(2019ല്‍ 2ജിബി റാം എന്ന പരീക്ഷണം വിജയിക്കുമോ എന്ന് കണ്ടറിയണം) 8എംപി സെല്‍ഫി ക്യാമറ, ഡ്യുവല്‍ ക്യാമറ(13എംപി+ 5 എംപി), 5.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെ(വാട്ടര്‍ ഡ്രോപ് നോച്), ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ എന്നിവ അല്കാട്ടെല് 3എല്ലില്‍ ലഭ്യമാണ്. അല്കാട്ടെല് 1എസിനെക്കാളും ഡിസ്പ്ലെയില്‍ ആകര്ഷണുമണ്ട്.
അല്കാട്ടല് 3യില്‍ 5.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെ(വാട്ടര്‍ ഡ്രോപ് നോച്),സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍, 3ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്(128 ജിബി വരെ എക്സ്പാന്‍ഡ് ചെയ്യാം), ഡ്യുവല്‍ ക്യാമറ(13എംപി+5 എംപി), എട്ട് എംപിയുടെ സെല്‍ഫി ക്യാമറ എന്നിവ ലഭ്യമാണ്.
എന്നാല്‍ മൂന്നുമോഡലുമായി എത്തുന്നുണ്ടെങ്കിലും പുതിയ വരവിലും കമ്പനി നിരാശപ്പെടുത്തുകയാണ്. മൂന്ന് മോഡലിലും വലിയ ഫീച്ചറുകളൊന്നും കമ്പനി നല്‍കുന്നില്ല. രണ്ടിലും മൂന്നിലും നില്ക്കുന്നു റാം ശേഷി. മിഡ് റേഞ്ചിലുള്ള ഫോണുകളായതിനാല്‍ തന്നെ പതിനായിരത്തിനും താഴെയായിരിക്കും വില.