സാംസങ് ഫോള്‍ഡിനെ വെല്ലുവിളിച്ച് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വാവേ ആദ്യ 5ജി ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചു. വാവേ മേറ്റ് എക്സ് എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ ലോകത്തെ വേഗമേറിയ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ എന്ന വിശേഷണത്തോടെയാണ് അവതരിപ്പിക്കുന്നത്.
എട്ട് ഇഞ്ച് വലിപ്പമുള്ള ഫുള്‍വ്യൂ ഡിസ്പ്ലേ ആണ് വാവേ മേറ്റ് എക്സിലുള്ളത്. സാംസങ് ഗാലക്സി അവതരിപ്പിച്ച ഫോള്‍ഡബിള്‍ ഫോണിന്റെ ചെറിയ സ്ക്രീനിനേക്കാള്‍ വലിപ്പമുള്ളതാണ് വാവേ മേറ്റ് എക്സ് ഫോണ്‍ മടക്കികഴിഞ്ഞതിന് ശേഷമുള്ള ചെറിയ സ്ക്രീനുകള്‍. വലിയ സ്ക്രീന്‍ പിറകിലേക്ക് മടക്കും വിധമാണ് മേറ്റ് എക്സിന്റെ രൂപകല്പന. ഇങ്ങനെ മടക്കുമ്പോള്‍ 6.6 ഇഞ്ച് വലിപ്പമുള്ളതും, 6.38 ഇഞ്ച് വലിപ്പമുള്ളതുമായ രണ്ട് സ്ക്രീനുകള്‍ ഫോണിന് രണ്ട് വശങ്ങളിലുമായി വരും.
വാവേ മേറ്റ് എക്സില്‍ പവര്‍ബട്ടനില്‍ തന്നെ ഫിംഗര്‍പ്രിന്റ് സ്കാനറും നല്കിയിരിക്കുന്നു. വാവേ സ്വന്തമായി വികസിപ്പിച്ചെടുത്ത ഹിഞ്ച് (വിജാഗിരി) ആണ് മേറ്റ് എക്സിന്റെ മടക്കില്‍ നല്‍കിയിട്ടുള്ളത്. ഗാലക്സി ഫോള്‍ഡിനേക്കാള്‍ കനം കുറവാണിതിന്. നിവര്‍ത്തി വെക്കുമ്പോള്‍ മേറ്റ് എക്സിന്റെ കനം 5.4 മി.മി ആണ്. മടക്കിയതിന് ശേഷം ഇത് 11 മിമി വരും.
വളരെ വ്യത്യസ്തമായി ഫോണിന്റെ വലത് വശത്തായി ഒരു സൈഡ് ബാര്‍ നല്‍കിയിട്ടുണ്ട്. ഫോണ്‍ മടക്കുമ്പോള്‍ 6.6 ഇഞ്ച് വലിപ്പമുള്ള സ്ക്രീനിന് പിറകില്‍ 6.38 ഇഞ്ച് വലിപ്പമുള്ള സ്ക്രീനും ഈ സൈഡ് ബാറും ആണ് ഉണ്ടാവുക. 5ജി ആന്റിന, ക്യാമറ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഇതിലാണുള്ളത്.
വലിയ സ്ക്രീനിലേക്ക് ഫോണ്‍ നിവര്ത്തുമ്പോള് ഫോണ്‍ കയ്യില്‍ സുരക്ഷിതമായി പിടിക്കാനും ഈ സൈഡ് ബാര്‍ സഹായിക്കും. സെല്‍ഫി ക്യാമറ റിയര്‍ ക്യാമറ എന്നിങ്ങനെ പ്രത്യേകമായി നല്‍കിയിട്ടില്ല. രണ്ട് ആവശ്യങ്ങള്‍ക്കുമായി ഒരു ക്യാമറ തന്നെയാണുള്ളത്. ക്യാമറയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വാവേ പുറത്തുവിട്ടില്ല.
ഡ്യുവല്‍ സിം സൗകര്യമാണ് ഫോണിലുള്ളത്. ഒന്നാമത്തെ സിംകാര്‍ഡില്‍ മാത്രമേ 5ജി നെറ്റ് വര്‍ക്ക് ലഭിക്കൂ. രണ്ടാമത്തേതില്‍ 4ജി വരെ ലഭിക്കും. സെക്കന്റില്‍ 4.6 ജിബി വേഗത ഫോണിനുണ്ടാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതില്‍ ഒരു ജിബി വീഡിയോ വെറും മൂന്ന് സെക്കന്റില്‍ ഡൗണ്‍ലോഡ് ചെയ്യാനാവും.
വാവേ മേറ്റ് എക്സിന് രണ്ട് വശങ്ങളിലുമായി രണ്ട് ബാറ്ററിയാണ് നല്‍കിയിട്ടുള്ളത്.
ഇത് ആകെ 4500 എംഎഎച്ച് ശേഷിയുള്ളതാണ്. 55 വാട്ട് സൂപ്പര്‍ ചാര്‍ജ് സൗകര്യം ഇതിലുണ്ട്. പ്രത്യേകം ചാര്‍ജറും ഇതിനായി നല്കിയിരിക്കുന്നു. 85 ശതമാനം ചാര്‍ജ് ചെയ്യാന്‍ വെറും 30 മിനിറ്റ് മാത്രം മതിയെന്ന് കമ്പനി അവകാശപ്പെടുന്നു. എന്‍ക്രിപ്റ്റഡ് പെര്‍മനന്റ് യുസേഴ്സ് ഐഡി ഇതിലുണ്ടാവും. നീല നിറത്തിലുള്ള പതിപ്പ് മാത്രമാണ് ഫോണിനുള്ളത്.