നമുക്ക് എല്ലാക്കാലത്തും കൗതുകമാണ് ജാഥപോലെ, ഒന്നിനു പിന്നാലെ ഒന്നായി വരി തെറ്റാതെ നടക്കുന്ന കുഞ്ഞനുറുമ്പുകള്. അവയെ കുറിച്ച് സത്യത്തില്‍ നമുക്ക് അറിയാവുന്ന കാര്യങ്ങള്‍ വളരെ ചുരുക്കമാണ്. മനുഷ്യന് സമൂഹമായി ജീവിക്കുന്നതിനും എത്രയോ മുന്‍പ് ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങിയവരാണ് ഇവര്‍. വെറുതെ കൂട്ടമായി ജീവിക്കുക മാത്രമല്ല, ആഹാര സാധനങ്ങള്‍ വളര്‍ത്തുകയും ശേഖരിച്ചു വയ്ക്കുകയും ചെയ്യുന്നവരാണ് ഉറുമ്പുകള്‍.
നമുക്ക് അതിശയം തോന്നുന്ന രീതിയില്‍ ജീവിക്കുന്ന ഒരുകൂട്ടം ഉറുമ്പുകളാണ് ‘ആറ്റ’. തങ്ങളെക്കാള്‍ വലിപ്പമുള്ള ഇലകള്‍ ചുമന്നുകൊണ്ടു കൂടുകളിലേക്കു പോകുന്ന ഇക്കൂട്ടരുടെ വാസസ്ഥലം തെക്കേ അമേരിക്കയാണ്. ഒറ്റനോട്ടത്തില്‍ കുട ചൂടിപ്പോകുന്നതായേ തോന്നു. അതിനാല്‍ ഇവയ്ക്കു ‘പാരസോള്‍ ആന്റ്സ്’ എന്നും പറയാറുണ്ട്. പാരസോള്‍ എന്നാല്‍ അലങ്കാരക്കുടയെന്നാണ് അര്‍ഥം. ഉറുമ്പുകള്‍ ഇങ്ങനെ കഷ്ടപ്പെട്ടു വലിയ ഇലകള്‍ കൊണ്ടുപോകുന്നതു കൂടു നിര്മിക്കാനൊന്നുമല്ല.
ഇവ ഇലകള്‍ ചുമന്നു കൊണ്ടു പോകുന്നത് തങ്ങളുടെ കൂടുകളിലെ തോട്ടത്തിലേക്കു വളമാക്കാനാണ്. വളരെ താഴ്ചയുള്ള മാളങ്ങളിലാണ് ഈ ഉറുമ്പുകള്‍ താസിക്കുന്നത്. ഈ മാളങ്ങളില്‍ വിശാലമായ അറകളുമുണ്ടാകും. അവയിലാണ് ഉറുമ്പുകളുടെ തോട്ടം നിര്‍മാണവും പരിപാലവും. ഇഷ്ട ആഹാരമായ ഒരുതരം പൂപ്പലാണ് ഇവര്‍ വളര്‍ത്തിയെടുക്കുന്നത്.
അനേകായിരം ഉറുമ്പുകള്‍ ഈ പൂന്തോട്ടങ്ങളില്‍ വളമിടാനും സംരക്ഷിക്കാനും നിത്യേന കഠിന ശ്രമത്തിലാണ്. ഇല കൊണ്ടുവരുന്നതും പരിപാലിക്കുന്നതും വെവ്വേറെ ഉറുമ്പുകളാണ്. കൂട്ടത്തില്‍ കരുത്തന്മാരും വലുപ്പമേറിയവരുമാണ് ഇല കൊണ്ടുവരാന്‍ പോകുന്നത്. മൂര്‍ച്ചയേറിയ താടികൊണ്ടാണ് ഇവ ഇല മുറിക്കുക. വലിയ ഇലയാണെങ്കില്‍ രണ്ടോ മൂന്നോ പേര് ചേര്‍ന്നാണു മുറിക്കുക. അവര്‍ ഒരുമിച്ചാണു ചുമക്കുന്നതും. ചെറിയ ഇലകള്‍ കൂട്ടത്തിലെ ശക്തന്മാര് ഒറ്റയ്ക്കും എടുത്തുകൊണ്ടു പോകാറുണ്ട്. ഇലകള്‍ കൂടുകളില്‍ എത്തിക്കുന്നതോടെ അവരുടെ ജോലി തീരും.
കൂട്ടിലെത്തിയ ഇലകള്‍ മുറിച്ചുെചറുതാക്കുന്നതും ചുമന്ന് അറകളില്‍ എത്തിക്കുന്നതും മറ്റൊരു സംഘമാണ്. ചെറുതാക്കിയ ഇലകള്‍ വായിലെ ഉമിനീരു ചേര്‍ത്തു ചവച്ചാണ് വളമാക്കുന്നത്. എന്നാല്‍ ഇവര്‍ കൃഷി ചെയ്യുന്ന പൂപ്പല്‍ തകര്‍ക്കാന്‍ ചില ശത്രുക്കളും തക്കം പാര്ത്തിരിക്കാറുണ്ട്. അത്തരം പ്രാണികളെ ഉറുമ്പുകള്‍ കൂട്ടത്തോടെ ചെറുത്തു തോല്‍പ്പിക്കും. ഉമിനീര് കുത്തിവച്ചാണ് അവയെ നശിപ്പിക്കുന്നത്. റാണി ഉറുമ്പാണ് ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത്.
ഇവയുടെ മാളങ്ങളില്‍ റാണിമാരുടെ എണ്ണം കൂടിയാല്‍ പുതിയ വീടുവച്ച് മറ്റൊരു സമൂഹമായി ഇവ മാറിത്താമസിക്കും. പോകുമ്പോള്‍ പൂപ്പലുകളുടെ വിത്തുകളും കൂടെ കൊണ്ടുപോകും. പിന്നെ പുതിയ മാളങ്ങളില്‍ അവര്‍ അറകള്‍ നിര്‍മിച്ച്, കൃഷിയിടം വികസിപ്പിച്ചെടുക്കും. ഒപ്പം മുട്ടയിട്ട് പുതിയ സാമ്രാജ്യം കെട്ടിപ്പടുക്കും. പണിക്കാരന് ഉറുമ്പുകള്‍ ഉണ്ടാകുന്നതോടെ ഇലകള്‍ കൊണ്ടുവരാനും വളമാക്കാനുമുള്ള ഉത്തരവാദിത്വം അവര്‍ക്കാണ്. മഴക്കാലത്തൊഴികെ മറ്റു കാലങ്ങളിലൊക്കെ ഇവര്‍ ഇത് തുടരും.
ഇവര്‍ മഴക്കാലത്തെ ഒഴിവാക്കുന്നത് മഴക്കാലത്ത് ഇലകള്‍ ചുമക്കുക പാടാണെന്നതും നനഞ്ഞ ഇലകള്‍ പൂപ്പലുകള്‍ക്കു നല്ലതല്ല എന്ന തിരിച്ചറിവ് കൊണ്ടുമാണ്. എന്തെങ്കിലും കാരണത്താല്‍ ഈ പൂപ്പലുകള്‍ വളര്‍ത്താനായില്ലെങ്കില്‍ ഉറുമ്പുകള്‍ കൂട്ടത്തോടെ ചത്തുപോകും.