വ്യായാമം ചെയ്യാന്‍ മടിയുള്ളവര്‍ 111 വയസ്സുള്ള ഹെന്റി സെന്ഗ് എന്ന അപ്പൂപ്പനെ പരിചയപ്പെടണം. 111ാം വയസ്സിലും ഇത്ര ആരോഗ്യമുണ്ടെങ്കില്‍ അതിലെന്തോ കാര്യമുണ്ടല്ലെ?
ഈ അപ്പൂപ്പന് ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്തില്ലെങ്കില്‍ ഒരു സമാധാനവും കിട്ടില്ല. ജിമ്മും മാത്രമല്ല ആഹാരകാര്യത്തിലും ശ്രദ്ധകൊടുക്കുന്ന ആളാണ് ഹെന്റി സെന്ഗ് എന്ന ഈ അപ്പൂപ്പന്. ദിവസവും മുപ്പതു മിനിറ്റാണ് ഹെന്റി അപ്പൂപ്പന് വര്‍ക്ക് ഔട്ടിനായി സമയം മാറ്റിവയ്ക്കുന്നത്.
കാലിഫോര്‍ണിയയിലെ കോളിന്‍സ് ആന്‍ഡ് കാറ്റ്സ് ഫാമിലി ജിമ്മിലാണ് ഈ അപ്പൂപ്പന് ദിവസവും വര്‍ക്ക് ഔട്ട് ചെയ്യാറുള്ളത്. 1975 ലാണ് ഈ അപ്പൂപ്പന് ലൊസാഞ്ചലസിലേക്ക് എത്തുന്നത്. ജപ്പാനില്‍ ജനിച്ച് വളര്‍ന്ന ഈ അപ്പൂപ്പന് ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ നല്‍കിയിരുന്നു. 80കളില്‍ പോലും അദ്ദേഹം തലകീഴായി നിന്ന് യോഗ ചെയ്യുമായിരുന്നു.
എയറോബിക്സ് ക്ലാസ്സുകളും നടത്തിയിരുന്നു. ഇപ്പോള്‍ ഹെന്റി അപ്പൂപ്പന്, മക്കളും കൊച്ചു മക്കളുമായി കലിഫോര്‍ണിയയിലാണ് താമസം. സ്ഥിരമായി ചെയ്യുന്ന വ്യായാമവും പോസ്റ്റിറ്റീവ് മനസും തന്നെയാണ് പ്രായമായിട്ടും ഈ അപ്പൂപ്പന്റെ ചുറുചുറുക്കിന്റെ പ്രധാനരഹസ്യവും.
മാതാപിതാക്കളുടെ ജീവിതശൈലി തന്നെയാണ് ഏറ്റവും പ്രചോദനമെന്ന് ഹെന്റി സെന്ഗ് പറയുന്നു. മദ്യപാനം, പുകവലി എന്നിവയൊന്നും അവര്‍ക്ക് ഇല്ലായിരുന്നു. ഞാനും അതു തന്നെയാണ് ജീവിതത്തില്‍ പിന്തുടരുന്നതെന്ന് ബിസ്സിനസ്സുകാരനായിരുന്ന ഹെന്റി അപ്പൂപ്പന് പറയുന്നു. ഭാര്യ ആനിയും ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്ന ആളായിരുന്നു. 2013 ല്‍ നൂറാം വയസ്സിലാണ് ആനി മരിച്ചത്. നേരത്തെ ജിമ്മിലേക്ക് തനിയെ കാര്‍ ഓടിച്ചായിരുന്നു ഹെന്റി അപ്പൂപ്പന് പോയിരുന്നത്. എന്നാല്‍ അടുത്തിടെ ഒരു ഡ്രൈവറുടെ സഹായം തേടി. മനസ് എപ്പോഴും ഹെല്‍ത്തിയായും പോസ്റ്റിവായും ഇരുന്നാല്‍ മാത്രമേ ശരീരവും പോസ്റ്റീവായി ഇരിക്കുകയുള്ളൂവെന്ന് ഹെന്റി അപ്പൂപ്പന് പറയുന്നു.