മീന്‍ പിടിത്തത്തിനിടെ ചൂണ്ടയില്‍ ഒരു വിചിത്ര ജീവി കുരുങ്ങിയതിന്റെ അമ്പരപ്പിലാണ് ഓസ്ട്രേലിയക്കാരി ആന്‍ഡ്രൂ റോസ്. ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടെയാണ് ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു വിചിത്ര ജീവി ചൂണ്ടയില്‍ കുടുങ്ങിയത്. സിനിമകളിലെ കാല്പനിക ജീവികളെ പോലെയാണ് ഇതിന്റെ രൂപം. കക്കാഡു നാഷണല്‍ പാര്‍ക്കില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെയാണ് ആന്‍ഡ്രൂവിന്റെ ചൂണ്ടയില്‍ ഈ ജീവി കുരുങ്ങിയത്.
പാമ്പിന്റേത് പോലുള്ള തലയും വായില്‍ കൂര്‍ത്ത പല്ലുകളുമുണ്ട് ഈ ജീവിയ്ക്ക്. എന്നാല്‍ കണ്ണുകളില്ല. ഇതിന്റെ കഴുത്തിന് താഴെ ചെറിയ ചിറകുകള് പോലെയുള്ള ഭാഗമുണ്ട്. ആന്‍ഡ്രൂ റോസ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ഈ ജീവിയുടെ ചിത്രങ്ങള്‍ ഇതിനകം വൈറലായി കഴിഞ്ഞു. ഇതിന് വയലറ്റ് കലര്‍ന്ന ബ്രൗണ്‍ നിറമാണ് ഉള്ളത്. ഈല്‍ മത്സ്യത്തിന്റെ ഉടലുള്ള ഈ ജീവിക്ക് ഏകദേശം 15 സെന്റിമീറ്റര്‍ നീളമുണ്ട്.
എന്നാല്‍ ഈ ജീവിക്ക് വെള്ളത്തില്‍ നീന്താന്‍ കഴിയില്ലെന്ന് ആന്‍ഡ്രൂ പറയുന്നു. 1979 ല്‍ ഇറങ്ങിയ ഏലിയന്‍ എന്ന സിനിമയില്‍ ഏകദേശം ഇതേ തരത്തിലുള്ള ജീവിയെ കണ്ടിട്ടുള്ളതായി ആന്‍ഡ്രൂവും സുഹൃത്ത് ടീ ഹോക്കിനും പറഞ്ഞു. വിചിത്രജീവിയുടെ ഫോട്ടോകള്‍ പകര്‍ത്തിയ ശേഷം ഇതിനെ ഇവര്‍ തിരികെ വെള്ളത്തിലേക്ക് വിടുകയായിരുന്നു.
നോര്‍തേണ്‍ ടെറിറ്ററി മ്യൂസിയം ആന്‍ഡ് ആര്‍ട്ട് ഗ്യാലറിയിലെ ഡോ.മൈക്കല്‍ ഹാമര്‍ പറയുന്നത് വിരകളുടെ വര്‍ഗത്തില്‍ പെട്ട ജീവിയാണിതെന്നാണ്. കണ്ണുകളില്ലാത്ത ഈ ജീവികള്‍ ചെളിക്കുള്ളിലാണ് സാധാരണ കാണപ്പെടുന്നതെന്നും മനുഷ്യരുടെ കണ്ണില്‍ പെടുന്നത് അപൂര്‍വമാണെന്നും അദ്ദേഹം പറഞ്ഞു.