തൃശ്ശൂര്‍: നമ്മുടെ കാലാവസ്ഥയില്‍ വന്ന വ്യതിയാനം ഭൂമിയിലെ പലതിനേയും ബാധിച്ചിട്ടുണ്ട്. എന്നാല്‍ തൃശ്ശൂരിലെ മദ്യപ്പൂമരമെന്ന ഇലിപ്പയെ അത് തെല്ലും ബാധിച്ചില്ല. സാധാരണ മാര്‍ച്ചിന്റെ തുടക്കത്തില്‍ പൂക്കുന്ന ഇലിപ്പമരം ഇത്തവണയും കൃത്യമായി പൂത്തു.
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ സസ്യശാസ്ത്രവിഭാഗം മേധാവിയായിരുന്ന ഡോ. പിഎന്‍ ഗണേശ് ഈ മരം കാല്‍നൂറ്റാണ്ടായി കൃത്യമായി മാര്‍ച്ച് ആരംഭത്തില്‍ പൂക്കാറുണ്ടെന്ന് വ്യക്തമാക്കി. തൃശ്ശൂര്‍ നഗരത്തില്‍ വടക്കേ സ്റ്റാന്‍ഡിനു സമീപം രാമവര്‍മ ആയുര്‍വേദ ആശുപത്രി അങ്കണത്തിലാണ് ഈ അപൂര്വമരമുള്ളത്.
അഷ്ടാംഗഹൃദയത്തില്‍ ഇരിപ്പ എന്നും പേരു നല്‍കിയിരിക്കുന്ന ഈ സസ്യത്തിന് ഔഷധഗുണങ്ങള്‍ ഏറെയാണ്. ഇലിപ്പമരത്തിന്റെ പൂക്കള്‍ക്കും കായ്ക്കള്‍ക്കും മദ്യമുണ്ടാക്കാനുള്ള വീര്യമുണ്ടെന്ന് പറയുന്നു. തൃശ്ശൂരിലുള്ളത് ആണ്മരമായതിനാല് അത് പൂക്കുക മാത്രമേ ചെയ്യൂ. കായകളുണ്ടാകാറില്ല. ഇലിപ്പയുടെ തൊലി മനുഷ്യരുടെ ത്വഗ്രോഗത്തിനുള്ള മരുന്നുണ്ടാക്കാനും ഉപയോഗിക്കും.
മധ്യേന്ത്യയില്‍ ആദിവാസി സമൂഹം ഈ മരത്തിന്റെ പൂവും കായും വാറ്റി മദ്യമുണ്ടാക്കാറുണ്ട്. മധ്യേന്ത്യയില്‍ ഇലിപ്പപ്പൂക്കള്ക്ക് കിലോഗ്രാമിന് 22 രൂപയെന്ന നിശ്ചിതവിലയും ഉണ്ട്. ഇത് 30 രൂപയാക്കി താങ്ങുവില നിശ്ചയിക്കണമെന്നാണ് ഇവിടത്തുകാരുടെ ആവശ്യം. മധ്യേന്ത്യന്‍ കാടുകളില്‍നിന്ന് ആദിവാസികള്‍ ശേഖരിക്കുന്നത് പ്രതിവര്‍ഷം 10 ലക്ഷം ടണ്‍ ഇലിപ്പപ്പൂക്കളാണ്.
ഇപ്പോള്‍ തൃശ്ശൂരില്‍ ഇലിപ്പമരം നില്ക്കുന്ന സ്ഥലത്ത് മുമ്പ് വിഷചികിത്സാകേന്ദ്രമായിരുന്നു. അന്ന് ചികിത്സയ്ക്കായി നട്ടുപിടിപ്പിച്ചതാണ് ഈ മരമെന്നാണ് കരുതപ്പെടുന്നത്. ഇലിപ്പയില് വൈകീട്ടാണ് പൂക്കള്‍ വിരിയുക. പൂക്കള്‍ക്ക് രൂക്ഷഗന്ധമായിരിക്കും. ഇളംചുവപ്പുനിറത്തില്‍ വളരുന്ന തളിരിലയ്ക്ക് താഴേക്ക് തൂങ്ങിയാണ് പൂക്കളുണ്ടാവുക.