അമേരിക്കയിലെ വെസ്റ്റ് ബ്രൂക്ക്ലെ ജനങ്ങളെയെല്ലാം അമ്പരപ്പിച്ചുകൊണ്ട് നദിയില്‍ പ്രത്യക്ഷപ്പെട്ടത് ഒരു മഞ്ഞു ചക്രമാണ്. നദിയില്‍ മഞ്ഞു കൊണ്ടു രൂപപ്പെട്ട ഈ വൃത്തം ചക്രം പോലെ കറങ്ങുകയും ചെയ്യുന്നുണ്ട്. അതാണ് ആളുകളെ കൂടുതല്‍ പരിഭ്രാന്തരാക്കിയത്.
ഈ അപൂര്‍വ പ്രതിഭാസം പ്രെസ്യൂമ്സ്കോട്ട് എന്ന നദിയിലാണ് രൂപപ്പെട്ടത്. പലരും പല തരത്തിലുള്ള കഥകളും ഊഹങ്ങളും ഇതിന് മെനഞ്ഞെടുത്തു. അതിലെ ഒരു കഥയാണ് അന്യഗ്രഹ ജീവികളുടെ സാന്നിധ്യം. അന്യഗ്രഹ ജീവികള്‍ സഞ്ചരിച്ച പറക്കും തളിക ഈ മഞ്ഞു ചക്രത്തിനു മുകളിലുണ്ടെന്നും ഇത് മനുഷ്യര്‍ക്കു കാണാന്‍ കഴിയില്ലെന്നും, ഭാരമില്ലാത്തവയാണ് ഈ പറക്കും തളികയെന്നും കിംവദന്തികള്‍ പരന്നു.
ഇതോടെയാണ് ഈ മഞ്ഞ് ചക്രത്തിന്റെ പിന്നിലെ സത്യം വെളിപ്പെടുത്താനായി ഗവേഷകര്‍ രംഗത്തെത്തിയത്. വൃത്തത്തില്‍ കാണപ്പെടുന്ന തീരെ കനം കുറഞ്ഞ ഒരു മഞ്ഞു പാളിയാണ് നദിയില്‍ രൂപപ്പെട്ട ഐസ് ഡിസ്ക്. ഡിസ്കിനോട് സാമ്യമുള്ള രൂപമായതിനാല്‍ ഐസ് ഡിസ്ക് എന്നതാണ് ഈ പ്രതിഭാസത്തിനു ശാസ്ത്രം നല്‍കിയിരിക്കുന്ന പേര്. അത്യപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ഐസ് ഡിസ്ക്.
ഇവ രൂപപ്പെടുന്നത് സാധാരണ ഗതിയില്‍ ധ്രുവപ്രദേശങ്ങളോടു ചേര്‍ന്നു കിടക്കുന്ന അലാസ്കയിലും, സൈബീരിയയിലും നദികളില്‍ ശൈത്യകാലത്തിന്റെ അവസാനത്തിലാണ്. വെസ്റ്റ് ബ്രൂക്കില്‍ രൂപപ്പെട്ട ഈ മഞ്ഞുചക്രത്തിനുണ്ടായിരുന്നത് 90 മീറ്റര്‍ വിസ്തൃതിയാണ്. സാധാരണ കാണപ്പെടുന്ന ഐസ് ഡിസ്ക്കുകളേക്കാള്‍ ഇതിനു വലുപ്പവും കൂടുതലുണ്ടെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ഒരു പക്ഷെ ലോകത്ത് ഇതേവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ഐസ് ഡിസ്ക് ആയേക്കാം ഇതെന്നാണ് ഗവേഷകര്‍ കരുതുന്നത്. ഇന്നേവരെ രേഖപ്പെടുത്തിയ ഐസ് ഡിസ്കുകള്‍ ഒന്നും തന്നെ ഇത്രയും വലുപ്പമുള്ളതായി കണ്ടെത്തിയിട്ടില്ല.
ഈ ഐസ് ഡിസ്ക് വെസ്റ്റ് ബ്രൂക്ക് നിവാസികള്‍ കണ്ടെത്തിയത് തിങ്കളാഴ്ച രാവിലെയാണ്. നാല് ദിവസമായിട്ടും ഐസ് ഡിസ്ക് സമാന അവസ്ഥയില്‍ തന്നെ തുടരുകയാണ്. കൂടാതെ ഈ ഐസ് ഡിസ്ക് ക്ലോക്കിന്റെ വിപരീത ദിശയില്‍ സാവധാനം കറങ്ങുന്നുമുണ്ട്. ഒരു ദിവസം കഴിഞ്ഞിട്ടും അപ്രത്യക്ഷമാകാതായതോടെ ചൊവ്വാഴ്ച തന്നെ ഗവേഷകരെത്തി ഐസ് ഡിസ്ക് പരിശോധിച്ചു. എന്നാല്‍ ഇതില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഈ ഐസ് ഡിസ്ക് പലപ്പോഴും കാണപ്പെടുന്നത് ശൂന്യാകാശത്തു നിന്നു നോക്കുമ്പോള്‍ മേഘാവൃതമായ ഭൂമിയെ കാണുന്നതു പോലെയാണ്. ഐസിന്റെ വെള്ള നിറവും, നദിയുടെ നീല നിറവും ഇടകലരുമ്പോഴാണ് ഈ കാഴ്ച സാധ്യമാകുന്നത്. അതേസമയം ഡിസ്ക് രാവിലെ പൂര്‍ണമായും ഐസ് നിറഞ്ഞു കാണപ്പെടും. ഈ സമയത്തെ ഡിസ്കിന്റെ രൂപത്തോട് സാമ്യമുള്ളത് ചന്ദ്രനാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. പത്തൊന്‍പതാം നൂറ്റാണ്ടിലാണ് ആദ്യമായി ഐസ് ഡിസ്ക് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. അന്ന് റൗണ്ട് ഐസ് കേക്ക് എന്നാണ് ഈ പ്രതിഭാസത്തെ ഗവേഷകര്‍ വിശേഷിപ്പിച്ചത്.
ഗവേഷകര്‍ ഐസ് ഡിസ്കിനെക്കുറിച്ച് കൂടുതലറിയാനും ഇവയുടെ വിപരീത ദിശയിലുള്ള കറക്കത്തിന്റെ രഹസ്യമറിയാനും പലതവണ ശ്രമിച്ചിട്ടുണ്ട്. 2016 ല്‍ കൃത്രിമമായി ഐസ് ഡിസ്കിന് ലാബില്‍ രൂപം നല്‍കുക പോലും ചെയ്തിരുന്നു. എന്നാല്‍ അപ്പോള്‍ ഐസ് ഡിസ്ക് രൂപപ്പെട്ടെങ്കിലും കറക്കം സംഭവിച്ചില്ല. അതുകൊണ്ട് തന്നെ ഐസ് ഡിസ്കുകളുടെ കറക്കത്തിനു പിന്നിലെ രഹസ്യം ഇതുവരെ ശാസ്ത്രത്തിനു കണ്ടെത്താനായിട്ടില്ല.